പിജി മനുവിന്റെ മരണം: പീഡന പരാതി ഉന്നയിച്ചവരുടെയടക്കം മൊഴിയെടുക്കും


പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചെങ്കിലും മരണത്തിലേക്ക് നയിച്ച കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കൊല്ലത്തെ വാടക വീട്ടില്‍ ഹൈക്കോടതി അഭിഭാഷകന്‍ പി.ജി മനു തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചെങ്കിലും മരണത്തിലേക്ക് നയിച്ച കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പി.ജി മനുവിനെതിരായ ലൈംഗിക പീഡന ആരോപണവുമായി ബന്ധപെട്ട് പ്രചരിച്ച വീഡിയോയും തുടര്‍ സംഭവങ്ങളുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയമുണ്ട്. വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിക്കും. അന്വേഷണ സംഘം എറണാകുളത്ത് എത്തി ബന്ധുക്കളില്‍ നിന്ന് മൊഴിയെടുക്കും. കൂടാതെ പീഡന ആരോപണം ഉന്നയിച്ചവരുടെയും മൊഴി രേഖപ്പെടുത്തും.
ഇക്കഴിഞ്ഞ പതിമൂന്നാം തീയതി രാവിലെയാണ് ആനന്ദവല്ലീശ്വരത്തെ വാടക വീട്ടില്‍ പി.ജി മനു തൂങ്ങിമരിക്കുന്നത്. ഡോ.വന്ദനാദാസ് കൊലക്കേസില്‍ പ്രതിഭാഗം അഭിഭാഷകനായ മനു കോടതി നടപടികള്‍ക്കായി കൊല്ലത്ത് എത്തിയതായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു. പക്ഷേ മരണത്തിലേക്ക് നയിച്ച കാരണം ഇപ്പോഴും വ്യക്തമല്ല. നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയാണ് മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ കൂടിയായ പി.ജി മനു. കര്‍ശന വ്യവസ്ഥയോടെ ജാമ്യത്തില്‍ തുടരവെയാണ് മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട് പിജി മനുവിനെതിരെ ലൈംഗിക പീഡന ആരോപണം ഉയര്‍ന്നത്.

പിജി മനു യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള മനോവിഷമമാണോ മരണത്തിലേക്ക് നയിച്ചതെന്നാണ് സംശയം. വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിക്കും.