പി ജി ഡോക്ടർമാരും ഹൗസ് സർജന്മാരും സമരം പിൻവലിച്ചു : നാളെ രാവിലെ 8 മുതൽ ഡ്യൂട്ടിക്ക് കയറും

google news
PG doctors and house surgeons called off the strike

പി ജി ഡോക്ടർമാരും ഹൗസ് സർജന്മാരും സമരം പൂർണമായി പിൻവലിച്ചു. നാളെ രാവിലെ 8 മുതൽ ജോലിക്ക് കയറും. സർക്കാർ നല്കിയ ഉറപ്പുകൾ മാനിക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.ഡോ. വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലായിരുന്ന പി ജി ഡോക്ടർമാരും ഹൗസ് സർജന്മാരുമാണ്  സമരം പൂർണമായി പിൻവലിച്ചത്.
 
പിജി വിദ്യാർത്ഥികൾ, ഹൗസ് സർജൻമാർ എന്നിവർ ഉന്നയിച്ച പ്രശ്‌നങ്ങൾ പഠിച്ച് പരിഹരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒരു മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. മെഡിക്കൽ റസിഡൻസി പ്രോഗ്രാമിന്റെ ഭാഗമായി മറ്റാശുപത്രികളിൽ പോകുന്നവർക്കായി ഉടൻ തന്നെ എസ്ഒപി പുറത്തിറക്കും. ഹൗസ് സർജൻമാരുടെ പ്രശ്‌നങ്ങളും കമ്മിറ്റി പരിശോധിക്കും.

റസിഡൻസി മാന്വൽ കർശനമായി നടപ്പിലാക്കും. അടിയന്തരമായി ഇതിനായി ഡി.എം.ഇ. സർക്കുലർ ഇറക്കും. വകുപ്പ് മേധാവികൾ വിദ്യാർത്ഥികളുടെ അവധി ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി. പിജി വിദ്യാർത്ഥികൾ ഹൗസ് സർജൻമാർ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചർച്ചയിലാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.

ഡോക്ടർമാർക്കൊപ്പമാണ് സർക്കാർ. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ സമരം ചെയ്യരുത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വിശദമായ അവലോകന യോഗം ചേർന്ന് തീരുമാനമെടുത്തിരുന്നു. ആശുപത്രികളിലെ സുരക്ഷ ഓഡിറ്റ് സമയബന്ധിതമായി നടത്തും. എല്ലാ പ്രധാന ആശുപത്രികളിലും പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും. മറ്റിടങ്ങളിൽ പോലീസ് നിരീക്ഷണമുണ്ടാകും. ആശുപത്രികളിൽ സിസിടിവി ക്യാമറ ഉറപ്പാക്കും.

Tags