തിരുവനന്തപുരത്ത് പെട്രോൾ പമ്പ് ജീവനക്കാർക്ക് മദ്യപസംഘത്തിന്റെ മർദ്ദനം
തിരുവനന്തപുരം: തിരുവനന്തപുരത്ത് പെട്രോൾ പമ്പ് ജീവനക്കാർക്ക് മദ്യപസംഘത്തിന്റെ മർദ്ദനം. കുളത്തൂർ ഇൻഫോസിസ് കാമ്പസിന് സമീപമുള്ള പെട്രോൾ പമ്പിലെ ജീവനക്കാരായ ഉണ്ണി, രാജീവൻ എന്നിവരെയാണ് കാറിലെത്തിയ മദ്യപസംഘം ആക്രമിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കാറിലെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്.
കാറിലെത്തിയവർ ആദ്യം 210 രൂപയ്ക്കും പിന്നീട് 110 രൂപയ്ക്കും പെട്രോൾ അടിച്ചു. പണം അടയ്‌ക്കേണ്ട സമയമായപ്പോൾ പെട്രോൾ അടിച്ച തുകയെ സംബന്ധിച്ച് കാറിലുണ്ടായിരുന്നവർ തമ്മിൽ തർക്കമായി. തുടർന്ന് പെട്രോൾ അടിച്ച ഉണ്ണിയോട് എത്ര രൂപയ്ക്കാണ് പെട്രോൾ അടിച്ചതെന്നു ചോദിച്ചു.
മറുപടിയിൽ തൃപ്തരാകാത്ത സംഘം പമ്പ് ജീവനക്കാരനെ തെറി വിളിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ ഒരാൾ കാറിൽ നിന്നിറങ്ങി ഉണ്ണിയെ മർദ്ദിച്ചു. മർദ്ദനത്തിനിടെ അക്രമിയുടെടെ മുഖത്തേക്ക് പെട്രോൾ വീണു. ഇതോടെ രണ്ടാമനും കാറിൽ നിന്നിറങ്ങി ഇയാളെ മർദ്ദിച്ചു.
ഇതുകണ്ട് സമീപത്തുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനായ രാജീവൻ അക്രമികളെ ചോദ്യം ചെയ്തു. തുടർന്ന് രാജീവനെയും ഇവർ മർദ്ദിക്കുകയായിരുന്നു. പമ്പ് ഉടമ തുമ്പ പോലീസിൽ പരാതി നൽകി. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കൈമാറി.
.jpg)

