നാലു കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജികള്‍; ഹാജരാകാതിരുന്ന എം ആര്‍ അജയന് 40,000രൂപ പിഴയിട്ട് കോടതി
പ്രത്യേകം ലിസ്റ്റ് ചെയ്യിപ്പിച്ച നാലു കേസുകളിലായി 10,000 രൂപവീതം 40,000രൂപയാണ് എം ആര്‍ അജയന്റെ അഭിഭാഷകന്‍ അഡ്വ. വി ആര്‍ മനോരഞ്ജന് കോടതി ചുമത്തിയത്.
സിഎംആര്‍എല്‍ കേസ്, ശബരിമല സ്വര്‍ണമോഷണക്കേസ് തുടങ്ങി സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജികള്‍ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചില്‍ പ്രത്യേക അപേക്ഷ നല്‍കി ലിസ്റ്റ് ചെയ്യിപ്പിച്ചശേഷം കോടതിയില്‍ ഹാജരാകാതിരുന്നതിന് എം ആര്‍ അജയന് ഹൈക്കോടതി പിഴയിട്ടു.
ഇത്തരത്തില്‍ പ്രത്യേകം ലിസ്റ്റ് ചെയ്യിപ്പിച്ച നാലു കേസുകളിലായി 10,000 രൂപവീതം 40,000രൂപയാണ് എം ആര്‍ അജയന്റെ അഭിഭാഷകന്‍ അഡ്വ. വി ആര്‍ മനോരഞ്ജന് കോടതി ചുമത്തിയത്. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി എം മനോജ് എന്നിവരടങ്ങിയ ബെഞ്ചാണ് പിഴയിട്ടത്. പിഴത്തുക കേരള ലീഗല്‍ സര്‍വീസ് സൊസൈറ്റിയിലടയ്ക്കാനും നിര്‍ദ്ദേശിച്ചു.
ഹര്‍ജിക്കാരന്റെ തന്നെ ആവശ്യപ്രകാരം ജനുവരിയിലേക്ക് മാറ്റിവപ്പിച്ചിരുന്ന സിഎംആര്‍എല്‍ കേസടക്കം പ്രത്യേക അപേക്ഷയും ഉപഹര്‍ജികളും നല്‍കി എടുപ്പിച്ചത് എന്തിനാണെന്ന് കോടതി ചോദിച്ചു. ആരാണ് ഇതിനൊക്കെ പിന്നിലെന്നറിയാമെന്നും കോടതി വാക്കാല്‍ പറഞ്ഞു. ഉപഹര്‍ജികള്‍ നല്‍കി കേസെടുപ്പിച്ചുവെങ്കിലും അഭിഭാഷകന്‍ ഹാജരാകാതിരുന്നതാണ് കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് കാരണം.
സിഎംആര്‍എല്‍, ശബരിമല കേസ്, പാലിയേക്കര ടോള്‍ പിരിവ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട കേസ് തുടങ്ങിയ നാലുകേസുകളാണ് ഉപഹര്‍ജികളിലൂടെ ലിസ്റ്റ് ചെയ്യിപ്പിച്ചിരുന്നത്. ആദ്യം സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് പരിഗണിച്ചത്. ജനുവരിയിലേക്ക് ഹര്‍ജിക്കാരന്‍ തന്നെ മാറ്റിവെപ്പിച്ച കേസ് അപേക്ഷ നല്‍കി അവധിക്കാല ബെഞ്ചില്‍ കൊണ്ടുവന്നത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനടക്കം ഉന്നയിച്ചു. തുടര്‍ന്ന് പിഴ ഈടാക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ട് കോടതി ഹര്‍ജി മാറ്റി.
തുടര്‍ന്നാണ് ശബരിമല സ്വര്‍ണമോഷണ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഫയല്‍ ചെയ്ത ഹര്‍ജിയും ഇത്തരത്തില്‍ ഉപഹര്‍ജി നല്‍കി അജയന്‍ എടുപ്പിച്ചത് കോടതിയുടെ ശ്രദ്ധയില്‍പെട്ടത്. ഉപഹര്‍ജി നല്‍കിയ വ്യക്തിയും അഭിഭാഷകനും ഒരേ ആളുകളാണെന്ന് മനസ്സിലായതോടെ കോടതി പിഴ ചുമത്തുകയായിരുന്നു.
നേരത്തെ കേസുകളെല്ലാം മറ്റൊരു ബെഞ്ചിലായിരുന്നു ലിസ്റ്റ് ചെയ്തിരുന്നത്. ആ ബെഞ്ച് അവധിയായതിനാലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് ഉച്ചകഴിഞ്ഞ് ഈ കേസുകള്‍ പരിഗണിച്ചത്.
.jpg)


