നാമനിര്‍ദ്ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന ഹര്‍ജി; മുഹമ്മദ് റിയാസും വീണയും ഹാജരാകണമെന്ന് കോടതി

Muhammad Riyaz

ഒക്ടോബര്‍ 15ന് നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനിടെ നാമനിര്‍ദ്ദേശപത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന ഹര്‍ജിയില്‍ മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും വീണ ടിയും നേരിട്ട് ഹാജരാകണമെന്ന് കോടതി. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എ നസീറയാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്ടോബര്‍ 15ന് നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. റിയാസിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിന്‍കര പി നാഗരാജ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

ബേപ്പൂരില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കവേ, ഭാര്യയ്ക്ക് ഏതെങ്കിലും കമ്പനിയുമായി കരാറോ മറ്റ് ബിസിനസ് ബന്ധങ്ങളോ ഉണ്ടോയെന്ന ചോദ്യത്തിന് റിയാസ് വ്യക്തമായ മറുപടി നല്‍കിയില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. വീണയുടെ വരുമാനത്തില്‍ സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 1.72 കോടിയുടെ കണക്ക് വ്യക്തമാക്കിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ഒരു സ്ഥാനാര്‍ത്ഥി മത്സരിക്കുമ്പോള്‍ കുടുംബത്തിന്റെ മുഴുവന്‍ സ്വത്തുവിവരങ്ങളും നാമനിര്‍ദ്ദേശ പത്രികയില്‍ വ്യക്തമാക്കണമെന്നാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ കോടതി റിയാസിനെയും വീണയേയും നേരിട്ട് വിളിപ്പിച്ചിരിക്കുന്നത്. മുമ്പ് ഈ വിഷയവുമായി ബന്ധപ്പെട്ട് നാഗരാജ് കീഴ്ക്കോടതിയെ സമീപിച്ചിരുന്നെങ്കിലും മജിസ്ട്രേറ്റ് കേസ് എടുക്കാനോ ഇടപെടാനോ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്.

Tags