വ്യക്തിവൈരാഗ്യം : യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

തൃശൂര്‍: വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ പോര്‍ക്കുളത്ത് യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവറെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പോര്‍ക്കുളം വെട്ടത്ത് വീട്ടില്‍ സുരേന്ദ്രനെ (49)യാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പോര്‍ക്കുളം കരുവാന്‍പടി സ്വദേശി പോര്‍ക്കുളത്ത് വീട്ടില്‍ മോഹനന്റെ മകന്‍ വിഷ്ണു (27)വിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ഇരുവരും തമ്മില്‍ നിലവില്‍ തര്‍ക്കം നിലനിന്നിരുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായി കരുവാന്‍പടി സെന്ററില്‍വച്ച് വിഷ്ണു സുരേന്ദ്രനെ കാണുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തര്‍ക്കത്തിനിടെ സുരേന്ദ്രന്‍ കൈയിലുള്ള കീചെയിന്റെ മുകളിലുള്ള കത്തികൊണ്ട് വിഷ്ണുവിനെ കഴുത്തിലും കൈയിലും പുറത്തും കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. പരുക്കേറ്റ വിഷ്ണുവിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ സുരേന്ദ്രനെ റിമാന്റ് ചെയ്തു.