പെരിയ ഇരട്ടക്കൊലപാതകം; 4 പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു

Periya Double Murder Case

2019 ഫെബ്രുവരി 17നായിരുന്നു കാസര്‍കോട് പെരിയയില്‍ കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്.

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നാല് പ്രതികള്‍ക്ക് ജയിലില്‍ നിന്ന് ഇറങ്ങാന്‍ അനുമതി നല്‍കിയില്ലെന്നാണ് വിവരം. ആഭ്യന്തര വകുപ്പ് അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ പുറത്തിറക്കില്ല. പ്രതികള്‍ക്ക് കൂട്ട പരോള്‍ അനുവദിച്ചത് വിവാദമായിരുന്നു. 

പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചിരിക്കുന്നത്. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ കഴിഞ്ഞ ദിവസം വീടുകളിലെത്തി. ഇരുപത് ദിവസത്തേക്കാണ് പരോൾ.

2019 ഫെബ്രുവരി 17നായിരുന്നു കാസര്‍കോട് പെരിയയില്‍ കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. രാത്രി ഏഴരയോടെയായിരുന്നു സംഭവം നടന്നത്. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോള്‍ ശരത്തിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊന്‍പതുമായിരുന്നു പ്രായം

Tags