പേരാമ്പ്ര വിവാദം: റിട്ടേണിങ് ഓഫീസറുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ ജാഗ്രതക്കുറവ്; പരാതി നല്‍കിയെന്ന് ഫാത്തിമ
ഇത്രയും പ്രധാനപ്പെട്ട കാര്യത്തില്‍ ഇങ്ങനെയല്ല അറിയിക്കേണ്ടതെന്നും ഗുരുതരമായ ജാഗ്രതക്കുറവാണ് ഉണ്ടായതെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു.
പേരാമ്പ്ര വിവാദത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയ. സംഭവത്തില്‍ റിട്ടേണിങ് ഓഫീസര്‍ക്ക് ഗുരുതരമായ ജാഗ്രതക്കുറവും അശ്രദ്ധയും ഉണ്ടായെന്നും സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ചീഫ് ഇലക്ഷന്‍ ഓഫീസര്‍ക്കും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്കും പരാതി നല്‍കിയെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു.
മെറ്റീരിയല്‍ സ്‌ട്രോങ് റൂം തുറക്കുമെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫീസര്‍ പറഞ്ഞത് അടിയന്തര അറിയിപ്പില്ലാതെയാണ്. ഇത്രയും പ്രധാനപ്പെട്ട കാര്യത്തില്‍ ഇങ്ങനെയല്ല അറിയിക്കേണ്ടതെന്നും ഗുരുതരമായ ജാഗ്രതക്കുറവാണ് ഉണ്ടായതെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
20-04-2026 (തിങ്കളാഴ്ച) ഉണ്ടായ സംഭവങ്ങളെ കുറിച്ച് നിങ്ങളെല്ലാവരോടും വ്യക്തമായി പങ്കുവെക്കേണ്ടതുണ്ടെന്ന് തോന്നുന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂം തുറന്നെന്ന വാര്‍ത്ത പുറത്തുവന്നതോടെ യു.ഡി.എഫ് നേതാക്കളിലും പ്രവര്‍ത്തകരിലും ആശങ്ക ഉയര്‍ന്നിരുന്നു. അതുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ സാഹചര്യം ഇതാണ്:
ജെ.ഡി.ടി ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുന്ദമംഗലം, പേരാമ്പ്ര, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, കൊയിലാണ്ടി, ബാലുശ്ശേരി, എലത്തൂര്‍, ബേപ്പൂര്‍ എന്നീ മണ്ഡലങ്ങളിലെ ബാലറ്റുകളും അനുബന്ധ രേഖകളുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി ഓരോ നിയോജകമണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ യു.ഡി.എഫിന്റെ പ്രത്യേക ടീം ജാഗ്രതയോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്ന് രാവിലെ പേരാമ്പ്ര റിട്ടേണിംഗ് ഓഫീസറുടെ ഓഫീസില്‍ നിന്ന് ഫോണ്‍ കോള്‍ വഴി രാവിലെ 9:30-ന് മെറ്റീരിയല്‍ റൂം തുറക്കുമെന്നും, സ്ഥാനാര്‍ത്ഥിയുടെ ഒരു പ്രതിനിധി അവിടെ ഉണ്ടാകണമെന്നും അറിയിക്കപ്പെട്ടു. എന്നാല്‍ ഇത്രയും പ്രധാനപ്പെട്ട കാര്യത്തില്‍ ഇത്തരത്തിലുള്ള അടിയന്തര അറിയിപ്പ് പ്രായോഗികമല്ലെന്നും, സമയബന്ധിതവുമല്ലെന്നും സ്ഥാനാര്‍ത്ഥിയുടെ പ്രതിനിധി വ്യക്തമാക്കിയിരുന്നു. കൂടാതെ, എന്ത് ആവശ്യത്തിനാണ് റൂം തുറക്കുന്നത്, എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നീ കാര്യങ്ങള്‍ രേഖാമൂലം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതു പരിശോധിച്ച ശേഷമേ മറുപടി നല്‍കാന്‍ സാധിക്കൂ എന്നും അറിയിച്ചു.
ഈ വിവരം അറിഞ്ഞ ഉടന്‍, ഇത്രയും ഗൗരവമുള്ള വിഷയത്തില്‍ വ്യക്തതയും സുതാര്യതയും ഉറപ്പാക്കുന്ന രീതിയില്‍ നിയമപരവും ചട്ടപ്രകാരവുമായ അറിയിപ്പാണ് നല്‍കേണ്ടതെന്നും, തീരുമാനം എടുക്കാന്‍ ആവശ്യമായ സമയം അനുവദിക്കണമെന്നും സ്ഥാനാര്‍ത്ഥിയായ ഞാന്‍ തന്നെ റിട്ടേണിംഗ് ഓഫീസറെ അറിയിച്ചു. എന്നാല്‍ ഈ ആവശ്യങ്ങള്‍ പരിഗണിക്കാതെയും യാതൊരു സമയവും അനുവദിക്കാതെയും റൂം തുറക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ തിടുക്കം കാണിക്കുകയായിരുന്നു.
കുറച്ച് സമയം കാത്തുനിന്നിട്ടും യാതൊരു നോട്ടീസോ രേഖാമൂലമുള്ള അറിയിപ്പോ ലഭിക്കാത്തതിനാല്‍, എന്തെങ്കിലും നടപടികള്‍ എന്റെതോ എന്റെ പ്രതിനിധിയുടെയോ അസാന്നിധ്യത്തില്‍ നടക്കുമോ എന്ന ആശങ്കയിലാണ് എന്റെ പ്രതിനിധി ജെ.ഡി.ടി സ്‌കൂളിലെത്തിയത്. അപ്പോള്‍ തന്നെ ആര്‍.ഒ. ഓഫീസിലെ ഉദ്യോഗസ്ഥര്‍ റൂം തുറക്കാനുള്ള ഒരുക്കത്തിലായിരുന്നു. എല്‍.ഡി.എഫിന്റെ ഒരു പ്രതിനിധിയും അവിടെയുണ്ടായിരുന്നു. അവിടെ എത്തിയ ശേഷമാണ് വ്യക്തതയില്ലാത്ത ഒരു ഇ-മെയില്‍ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസില്‍ നിന്ന് എന്റെ പ്രതിനിധിക്ക് ലഭിച്ചത്.
സ്ഥാനാര്‍ത്ഥിയുടെ പ്രതിനിധിക്ക് യാതൊരു വ്യക്തമായ വിശദീകരണവും നല്‍കാതെയാണ് റൂം തുറന്നത്. ഈ റൂം ഇ.വി.എം മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന മുറികളുടെ തൊട്ട് മുകളിലായി, അതീവ സുരക്ഷാ മേഖലയിലാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
തുറന്ന റൂമിന്റെ പുറത്ത് '024 PERAMBRA LAC STRONG ROOM 5 RESERVE ROOM' എന്നാണു വ്യക്തമാക്കിയിരിക്കുന്നത്. റൂമിനകത്തേക്ക് ഒരു ലാപ്‌ടോപ്പും ഒരു ഉദ്യോഗസ്ഥന്റെ ഫോണും കൊണ്ടുപോകുകയും, മറ്റുള്ളവരുടെ ഫോണുകള്‍ പുറത്ത് വെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
സ്ഥാനാര്‍ത്ഥി സ്ഥലത്തെത്തിയപ്പോള്‍ ആദ്യം ജെ ഡി റ്റി കോമ്പൗണ്ടിനകത്തേക്ക് പ്രവേശനം അനുവദിക്കാതെ തടഞ്ഞുവെച്ചെങ്കിലും, ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അകത്തേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഡെപ്യൂട്ടി കളക്ടറും റിട്ടേണിംഗ് ഓഫീസറും സ്ഥലത്തെത്തിയതില്‍ സ്ഥാനാര്‍ത്ഥിയായ ഞാന്‍ മേല്‍കാര്യങ്ങളിലെ എന്റെ ആശങ്കകള്‍ അറിയിച്ചു.അവരുടെ വിശദീകരണമനുസരിച്ച്, ലാപ്‌ടോപ്പിന്റെ സഹായത്തോടെ മെയില്‍, ഫീമെയില്‍, ഓവര്‍സീസ് വോട്ടര്‍മാരുടെ വെരിഫിക്കേഷന്‍ നടപടികളാണ് അവിടെ നടന്നിരുന്നത്. എന്നാല്‍ എന്റെ ആവശ്യപ്രകാരം ആ നടപടികള്‍ ഉടന്‍ നിര്‍ത്തിവെക്കുകയും മെറ്റീരിയല്‍ റൂം അടച്ചുപൂട്ടുകയും ചെയ്തു.
അതേ സമയം, പേരാമ്പ്രയിലെ മെറ്റീരിയല്‍ റൂം കോഴിക്കോട് സൗത്ത് സ്‌ട്രോങ്ങ് റൂം എന്നാണ് പുറത്ത് കാണിച്ചിരുന്ന മോണിറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നത് എന്നതും ശ്രദ്ധേയമാണ്. സംഭവം നിരീക്ഷിച്ചു കൊണ്ടിരുന്ന യു.ഡി.എഫ് ടീം ഇത് ഉടന്‍ തന്നെ നേതാക്കളെ അറിയിക്കുകയും അഡ്വ. പ്രവീണ്‍ കുമാര്‍, എം. എ. റസാഖ് മാസ്റ്റര്‍, അഡ്വ. ഫൈസല്‍ ബാബു, വി. ടി. സൂരജ് എന്ന സ്ഥാനാര്‍ത്ഥികളും യു ഡി എഫ് നേതാക്കളും സ്ഥലത്തെത്തുകയും ചെയ്തു. പിന്നീട് ഡെപ്യൂട്ടി കളക്ടറുടെ സാന്നിധ്യത്തില്‍ ജെ.ഡി.ടി ക്യാമ്പസിലെ മറ്റു മണ്ഡലങ്ങളിലെ സ്‌ട്രോങ്ങ് റൂം പരിസരങ്ങളും പരിശോധിച്ച് ആശങ്കകള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കൂടാതെ സുരക്ഷ കൂടുതല്‍ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
സ്‌ട്രോങ്ങ് റൂമുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശം അതീവ സുരക്ഷ ആവശ്യമായ inner perimeter area ആയിരിക്കെ, ജില്ലാ ഇലക്ഷന്‍ ഓഫീസറുടേയും സൂപ്രണ്ട് ഓഫ് പോലീസിന്റേയും സാന്നിധ്യവും ഉത്തരവുമില്ലാതെ റിസര്‍വ് റൂം തുറന്നത് നിയമവിരുദ്ധവും പ്രോട്ടോക്കോള്‍ ലംഘനവുമാണ്.
മാത്രമല്ല ഇത്രയും സുരക്ഷിതത്വം വേണ്ട കേന്ദ്ര സേനയുടെ core control ഉണ്ടാവേണ്ട സ്ഥലത്ത് സംസ്ഥാന സര്‍ക്കാറിന്റെ ഉദ്യോഗസ്ഥര്‍ അതീവ ലാഘവത്തോടെ പ്രവേശിച്ചത് ഗുരുതരമായ വീഴ്ച്ച തന്നെയാണ്.
''സ്‌ട്രോങ്ങ് റൂം അല്ല, മെറ്റീരിയല്‍ റൂം മാത്രമാണ് തുറന്നത്'' എന്ന റിട്ടേണിംഗ് ഓഫീസറുടെ വാദവും അംഗീകരിക്കാന്‍ കഴിയില്ല. സ്‌ട്രോങ്ങ് റൂമിനോട് തൊട്ട് ചേര്‍ന്നതും Inner Perimeter Areaക്കുള്ളില്‍ ആയതുമായ റൂം ആയതിനാല്‍, വോട്ടെണ്ണല്‍ ദിവസത്തിന് മുമ്പ് അവ തുറക്കാന്‍ റിട്ടേണിങ്ങ് ഓഫീസര്‍ക്ക് യാതൊരു അധികാരവും ഇല്ല. അങ്ങനെ ചെയ്ത നടപടിയെ 'മെറ്റീരിയല്‍ റൂം മാത്രമാണ് തുറന്നത്' എന്ന് തികഞ്ഞ ലാഘവത്തോടെ പ്രസ്ഥാവിക്കുന്നത് ഗുരുതര വീഴ്ച്ച മറച്ചു വെക്കുന്നതിനും, തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിനുമാണ്.
ഈ സാഹചര്യത്തില്‍, റിട്ടേണിംഗ് ഓഫീസറുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ ജാഗ്രതക്കുറവും അശ്രദ്ധയും സംബന്ധിച്ച് നടപടി ആവശ്യപ്പെട്ട് ചീഫ് ഇലക്ഷന്‍ ഓഫീസര്‍ക്കും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
പ്രിയപ്പെട്ടവരെ,
പ്രാര്‍ത്ഥനയോടെയും ജാഗ്രതയോടെയും നമുക്കൊരുമിച്ച് മുന്നോട്ട് പോകാം
.jpg)

