നിരന്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ജനം ടിവിക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ പരാതി നല്‍കി പി കെ ശ്രീമതി
പണത്തിന് വേണ്ടി എന്തും ചെയ്യുന്ന വ്യക്തിയായി തന്നെ ചിത്രീകരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ അവര്‍, വളരെ വൃത്തികെട്ട രീതിയിലാണ് ഇന്ത്യയിലും പുറത്തുമുള്ള മലയാളികള്‍ കാണുന്ന യൂട്യൂബ് ചാനലുകള്‍ ഉപയോഗിച്ച് അധിക്ഷേപം നടത്തുന്നതെന്ന് പറഞ്ഞു
തനിക്കെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ജനം ടിവിക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും സ്പീക്കര്‍ക്കും പരാതി നല്‍കി സിപിഎം നേതാവ് പികെ ശ്രീമതി. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞുകൊണ്ടാണ് ശ്രീമതി ടീച്ചര്‍ തനിക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങളെക്കുറിച്ച് വൈകാരികമായി പ്രതികരിച്ചത്.
പികെ ശശിക്കെതിരായ പീഡന ആരോപണത്തെക്കുറിച്ച് പറയുമ്പോള്‍ തീവ്രത എന്ന വാക്ക് താന്‍ ഉപയോഗിച്ചിട്ടില്ലെന്നും ഈ വ്യാജ പ്രചാരണം കാലങ്ങളായി നടക്കുകയാണെന്നും ശ്രീമതി വ്യക്തമാക്കി. കൂടാതെ, താന്‍ ഏതോ എംഎല്‍എയുടെ ഭാര്യ എന്ന നിലയില്‍ ഫാമിലി പെന്‍ഷന്‍ വാങ്ങുന്നുവെന്ന ആരോപണം മാനംകെടുത്താനാണെന്നും അവര്‍ പറഞ്ഞു. പാലക്കാടോ തൃശ്ശൂരോ അങ്ങനെ ഒരു എംഎല്‍എ ഉണ്ടോ എന്ന് താന്‍ അന്വേഷിച്ചെന്നും, കൃഷ്ണന്‍ എന്ന് പറയുന്നയാളെ തനിക്ക് അറിയില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.
പണത്തിന് വേണ്ടി എന്തും ചെയ്യുന്ന വ്യക്തിയായി തന്നെ ചിത്രീകരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ അവര്‍, വളരെ വൃത്തികെട്ട രീതിയിലാണ് ഇന്ത്യയിലും പുറത്തുമുള്ള മലയാളികള്‍ കാണുന്ന യൂട്യൂബ് ചാനലുകള്‍ ഉപയോഗിച്ച് അധിക്ഷേപം നടത്തുന്നതെന്ന് പറഞ്ഞു. കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി മാധ്യമപ്രവര്‍ത്തകര്‍ ആരും ഇതിന്റെ വസ്തുത ചോദിക്കാത്തതിനാലാണ് മുന്നോട്ട് വന്നതെന്നും, സംഭവത്തില്‍ മാനനഷ്ടക്കേസ് കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
തന്റെ ഭര്‍ത്താവ് അന്തരിച്ചുവെന്നും അദ്ദേഹം അധ്യാപകനായിരുന്നുവെന്നും ശ്രീമതി വ്യക്തമാക്കി. താനും അധ്യാപികയായിരുന്നുവെന്നും 45 വയസ്സു വരെ സ്‌കൂളില്‍ ആറിലും ഏഴിലും കണക്കും സയന്‍സും പഠിപ്പിച്ചിട്ടുണ്ടെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. തന്നെക്കുറിച്ച് അധ്യാപികയല്ല എന്ന് പ്രചരിപ്പിക്കുന്നതില്‍ വിഷമമില്ലെങ്കിലും നിലവിലെ ആരോപണങ്ങള്‍ വളരെ കടന്നുപോയതിനാലാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും സ്പീക്കര്‍ക്കും പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് അവര്‍ വ്യക്തമാക്കി
.jpg)

