സമാധാനപരമായ പ്രതിഷേധങ്ങൾ ഭരണഘടനാപരമായ അവകാശം: ജസ്റ്റിസ് കെ. ബാബു
തിരുവനന്തപുരം: സമാധാനപരമായ പ്രതിഷേധങ്ങൾ അരാജകത്വമല്ലെന്നും അവ ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും മുൻ കേരള ഹൈക്കോടതി ജഡ്ജിയും സുപ്രീം കോടതി സീനിയർ അഭിഭാഷകനുമായ ജസ്റ്റിസ് കെ. ബാബു പറഞ്ഞു. തിരുവനന്തപുരം മാർ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോ സംഘടിപ്പിച്ച 'ഡിജിറ്റൽ ഭീഷണികളും ലിംഗനീതിയും' എന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാലയങ്ങളിൽ ധർണ്ണയും സത്യാഗ്രഹവും അടക്കമുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് സ്ഥാനമില്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമാധാനപരമായ ഒത്തുകൂടലും പ്രകടനങ്ങളും ഭരണഘടനാപരമായ രീതികളാണെന്നും, ജനാധിപത്യം അർത്ഥവത്താകാൻ വിദ്യാർത്ഥികൾക്ക് പ്രതിഷേധിക്കാനുള്ള അവകാശം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ), 19(1)(ബി) എന്നിവ പ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിനും ആയുധങ്ങളില്ലാതെ സമാധാനപരമായി ഒത്തുകൂടാനും പൗരന്മാർക്ക് അവകാശമുണ്ട്. പൊതുസമാധാനം സംരക്ഷിക്കാൻ പ്രതിഷേധ രീതികളിൽ നിയന്ത്രണങ്ങൾ ആകാമെങ്കിലും അവകാശം പൂർണ്ണമായി എടുത്തുകളയാനാകില്ല. സർവ്വകലാശാലകൾ പൗരന്മാരെ വാർത്തെടുക്കുന്ന ഇടങ്ങളാണെന്നും, ജനാധിപത്യത്തിൽ വിയോജിപ്പുകളെ രോഗമായല്ല മറിച്ച് ശക്തമായ പ്രതിരോധ സംവിധാനമായാണ് കാണേണ്ടതെന്നും ജസ്റ്റിസ് കെ. ബാബു കൂട്ടിച്ചേർത്തു.
.jpg)

