തലസ്ഥാനത്തെ സംഘർഷം ; അടിക്ക് തിരിച്ചടി നൽകുന്നത് ഞങ്ങളുടെ ശൈലിയല്ലെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്
തിരുവനന്തപുരം : നഗരത്തിൽ കഴിഞ്ഞ രാത്രിയുണ്ടായ യൂത്ത് കോൺഗ്രസ് – എസ്.എഫ്.ഐ സംഘർഷത്തിൽ പ്രതികരണവുമായി മന്ത്രി പി.സി. വിഷ്ണുനാഥ് രംഗത്ത്. ഗ്യാനേഷ്‍കുമാറിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനത്തിന് നേരെ കല്ലേറുണ്ടായതാണ് സംഘർഷത്തിന് കാരണമായതെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് പ്രകടനത്തിന് നേരെ എസ്.എഫ്.ഐ എന്തിനാണ് കല്ലെറിയുന്നത് എന്ന് ചോദിച്ച മന്ത്രി, അത് അവർക്ക് നേരെ നടന്ന പ്രതിഷേധമല്ലെന്നും കൂട്ടിച്ചേർത്തു.
സംഘർഷവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയിൽ അധികാരികൾ വിശദീകരണം നൽകട്ടെയെന്നും, ഹോസ്റ്റലുകളിൽ ഗുണ്ടകളെ താമസിപ്പിക്കുമ്പോൾ യഥാർത്ഥത്തിൽ പഠിക്കാനായെത്തുന്ന വിദ്യാർത്ഥികളാണ് ബുദ്ധിമുട്ടിലാകുന്നതെന്നും പി.സി. വിഷ്ണുനാഥ് കുറ്റപ്പെടുത്തി. അടിക്ക് തിരിച്ചടി നൽകുകയെന്നത് തങ്ങളുടെ ശൈലിയല്ലെന്നും അത്തരം രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നവരല്ല കോൺഗ്രസ് എന്നും അദ്ദേഹം വ്യക്തമാക്കി. യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ ഗുണ്ടായിസം നടത്തുന്നുണ്ടോ എന്ന് എ.ഐ.എസ്.എഫിനോട് ചോദിച്ചാൽ വ്യക്തമാകുമെന്നും പറഞ്ഞ അദ്ദേഹം, നിലവിലുള്ള ഈ വിഷയത്തിൽ ഉന്നത രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്നും ആവശ്യപ്പെട്ടു.
.jpg)

