റീച്ചിനായി വ്യക്തിഹത്യ: ആത്മഹത്യ പ്രേരണാ കേസിലെ പ്രതിയായ ഷിംജിത ഒളിവിൽ, പയ്യന്നൂരിൽ എത്തിയത് എന്തിനെന്ന അന്വേഷണവുമായി പൊലിസ്
പയ്യന്നൂർ : പയ്യന്നൂരിലെ സ്വകാര്യ ബസിൽ യാത്രക്കാരനെതിരെ ഇൻസ്റ്റാഗ്രാം റീലിലൂടെയുള്ള ലൈംഗിക അതിക്രമ ആരോപണത്തെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ യുവതി ഒളിവിലെന്ന് പൊലിസ് ഇവരുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫാക്കിയ നിലവിലാണ്. ബന്ധുക്കളെയും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. ആത്മഹത്യ പ്രേരണാ കേസിൽ പ്രതിയായ തിനെ തുടർന്നാണ് വടകര സ്വദേശിനി ഷിംജിത മുസ്തഫ മുങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ഇവർക്കായിതിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ജീവനൊടുക്കിയ ദീപക്കിന്റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവർക്കെതിരെ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ യുവതി ഒളിവിൽ പോയെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനൊപ്പം യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ തനിക്കും സഹയാത്രികയ്ക്കും നേരിടേണ്ടി വന്ന ലൈംഗികാതിക്രമംവടകര പോലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇൻസ്പെക്ടർ വ്യക്തമാക്കിയതോടെ യുവതിയുടെ വാദം പൊളിഞ്ഞു. സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായതോടെ യുവതി തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്തിരിക്കുകയാണ്.സംഭവത്തിൽ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടതിൽ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. ദൃശ്യങ്ങൾ വൈറലായതോടെ ദീപക് മാനസികമായി തകർന്നിരുന്നുവെന്ന് സുഹൃത്തുക്കളും മൊഴി നൽകിയിട്ടുണ്ട്.സംഭവം വിവാദമായതിനെ തുടർന്ന് ഷിംജിത ന്യായീകരണവുമായി രംഗത്തുവന്നുവെങ്കിലും കനത്ത സൈബർ ആക്രമണമാണ് ഇവർക്ക് നേരിടേണ്ടി വന്നത്. ഇതേ തുടർന്ന് മുങ്ങുകയായിരുന്നു. വടകര സ്വദേശി ഇവർ പയ്യന്നൂരിൽ എന്തിനാണ് ഇവർ എത്തിയതെന്ന കാര്യവും പൊലിസ് അന്വേഷിക്കുന്നുണ്ട്. അതേസമയം സംഭവസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും മൊഴിയെടുക്കാൻ പൊലിസ് തീരുമാനിച്ചിട്ടുണ്ട്.
.jpg)


