സംസ്ഥാനത്ത് പവർ കട്ട് മൂലം ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവം അതീവ സങ്കടകരവും ഗൗരവതരവുമാണ് ; മുൻ ആരോഗ്യ മന്ത്രി വീണ ജോർജ്

Health Minister Veena George says legal action will be taken against false propaganda

 സംസ്ഥാനത്ത് പവർ കട്ട് മൂലം ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവം അതീവ സങ്കടകരവും ഗൗരവതരവുമാണെന്ന് മുൻ ആരോഗ്യ മന്ത്രി വീണ ജോർജ്. വീടുകളിൽ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന രോഗിയാണ് വൈദ്യുതി തടസ്സത്തെത്തുടർന്ന് ഓക്സിജൻ സാച്ചുറേഷൻ കുറഞ്ഞ് ദാരുണമായി മരണപ്പെട്ടത്. സർക്കാരിന്റെ നിസംഗതയ്ക്കെതിരെയും നിലവിലെ പവർ കട്ടിനെതിരെയും കടുത്ത വിമർശനമാണ് അവർ ഉയർത്തിയിരിക്കുന്നത്.

വൈദ്യുതി തടസ്സപ്പെട്ട വിവരം കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചറിയിച്ച കുടുംബാംഗങ്ങളോട്, “എന്തുകൊണ്ട് ഇൻവെർട്ടർ വാങ്ങിയില്ല?” എന്ന രീതിയിലുള്ള മനുഷ്യത്വരഹിതമായ മറുപടിയാണ് അധികൃതരിൽ നിന്ന് ഉണ്ടായത്. ഇൻവെർട്ടറോ ജനറേറ്ററോ വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാത്ത പാവപ്പെട്ട കുടുംബങ്ങൾ നമുക്കിടയിലുണ്ടെന്ന യാഥാർത്ഥ്യം അധികൃതർ വിസ്മരിക്കരുത്. സാമൂഹ്യപ്രവർത്തക ചിത്ര അഭയയാണ് ഈ സംഭവം ആദ്യം പുറംലോകത്തെ അറിയിച്ചത്.

ഈ സംഭവം കോവിഡ് കാലത്തെ അങ്ങേയറ്റം വേദനിപ്പിക്കുന്ന ഓർമ്മകളാണ് ഉണർത്തുന്നത്. രണ്ടാം തരംഗത്തിന്റെ തീവ്രതയിൽ പോലും ഓക്സിജൻ കിട്ടാതെ കേരളത്തിൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിരുന്നില്ല. അന്ന് യുദ്ധകാലാടിസ്ഥാനത്തിൽ ബെഡ്ഡുകൾ ക്രമീകരിക്കുകയും വീടുകളിലെ രോഗികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഉറപ്പാക്കുകയും ചെയ്തിരുന്നു. ഓക്സിജൻ പ്രതിസന്ധിയില്ലാത്ത ആ പ്രതിരോധം അന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും അഭിനന്ദിച്ചിരുന്നു. എന്നാൽ, ഇന്ന് പവർ കട്ട് മൂലം രോഗി മരിക്കേണ്ടി വന്ന സാഹചര്യം ഏറെ ലജ്ജാകരമാണ്.

മൂന്ന് മാസം മുൻപ് വരെ പവർ കട്ട് എന്താണെന്ന് അറിയാതിരുന്ന പുതിയ തലമുറ, ഇന്ന് ദിവസത്തിൽ പലതവണ വൈദ്യുതി തടസ്സം നേരിടുകയാണ്. ഇതിന്റെ എല്ലാ പ്രത്യാഘാതങ്ങളും സാധാരണക്കാരായ ജനങ്ങൾ അനുഭവിക്കേണ്ടി വരുന്നു. ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുന്ന ഇത്തരം ദാരുണ സാഹചര്യങ്ങളിൽ സർക്കാർ ഇനിയെങ്കിലും നിസംഗത വെടിഞ്ഞ് അടിയന്തര ഇടപെടൽ നടത്തണമെന്ന് വീണ ജോർജ് ആവശ്യപ്പെട്ടു.

Tags