30 കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികള്‍ അറസ്റ്റില്‍

google news
dgf

പാലക്കാട്: ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. ട്രോളി ബാഗുകളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 30 കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശി ബിജു (31), വാലന്‍ചുഴി സ്വദേശി അഫ്‌സല്‍ (28) എന്നിവരെയാണ് ആര്‍.പി.എഫ്. ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്.

ആന്ധ്രയിലെ പലാസയില്‍ നിന്ന് ഷാലിമാര്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ പത്തനംതിട്ടയിലേക്ക് കഞ്ചാവ് കൊണ്ടുപോകുകയായിരുന്നു. സംയുക്ത സംഘത്തിന്റെ പരിശോധന കണ്ട് ട്രെയിനില്‍ നിന്നിറങ്ങി സ്റ്റേഷന് പുറത്തേക്കിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. പത്തനംതിട്ടയിലും പരിസര പ്രദേശങ്ങളിലുമുള്ള ലഹരി കച്ചവടത്തിലെ പ്രധാന കണ്ണികളായ ഇരുവരും സമാനമായ നിരവധി കേസുകളില്‍ പ്രതികളാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു.

പിടികൂടിയ കഞ്ചാവിന് വിപണിയില്‍ ഉദ്ദേശം 15 ലക്ഷത്തോളം രൂപ വില വരും. കര്‍ശന പരിശോധനകള്‍ തുടരുമെന്ന് ആര്‍.പി.എഫ്.-എക്‌സൈസ് വൃത്തങ്ങള്‍ അറിയിച്ചു. ആര്‍.പി.എഫ്. സി.ഐ. എന്‍. കേശവദാസ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. അജിത് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ആര്‍.പി.എഫ്. എ.എസ്.ഐ. എസ്.എം. രവി, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ എന്‍. അശോക്, ഒ.കെ. അജീഷ്, കോണ്‍സ്റ്റബിള്‍ പി.പി. അബ്ദുള്‍ സത്താര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കബീര്‍, വിനു, ബിനു, അജീഷ് എന്നിവര്‍ പങ്കെടുത്തു.

Tags