പത്തനംതിട്ട വ്യാജ പോക്‌സോ കേസ് ; പ്രണയ നൈരാശ്യത്തിന്റെ പേരില്‍ നല്‍കിയ കള്ള കേസില്‍ ദുരൂഹത നീക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും
പൊലീസ് വീണ്ടും മൊഴിയെടുത്തതോടെ കെട്ടുകഥ പൊളിഞ്ഞു. ആരും പീഡിപ്പിച്ചിട്ടില്ലെന്ന് മജിസ്‌ട്രേറ്റിനു മുന്നിലും പെണ്‍കുട്ടി മൊഴി നല്‍കി.
പത്തനംതിട്ടയിലെ വ്യാജ പോക്‌സോ പരാതിക്ക് പിന്നില്‍ 13 കാരിയുടെ പ്രണയനൈരാശ്യമെന്ന് പൊലീസ്. 10 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന മൊഴിയെ തുടര്‍ന്നായിരുന്നു സഹാപാഠികളെ ഉള്‍പ്പെടെ പ്രതിയാക്കിയത്. അതിനിടെ, ഹൃദ്രോഗിയായ യുവാവിനെ ചോദ്യംചെയ്യാനായി വിളിപ്പിച്ച് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. വൈദ്യപരിശോധന ഫലമാണ് നിര്‍ണ്ണായകമായത്. പീഡനത്തിന്റെ ഒരു തെളിവും കിട്ടിയില്ല. ഇതോടെ പൊലീസ് വെട്ടിലായി. കേസില്‍ പ്രതിചേര്‍ത്തവരില്‍ ചോദ്യംചെയ്യാനായി വിളിപ്പിച്ച ആറു പേരെയും ഉടനടി വിട്ടയച്ചു. പൊലീസ് വീണ്ടും മൊഴിയെടുത്തതോടെ കെട്ടുകഥ പൊളിഞ്ഞു. ആരും പീഡിപ്പിച്ചിട്ടില്ലെന്ന് മജിസ്‌ട്രേറ്റിനു മുന്നിലും പെണ്‍കുട്ടി മൊഴി നല്‍കി.
കേസില്‍ പ്രതിയാക്കിയവരില്‍ 13 കാരിയുടെ സഹപാഠിയായ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ആ പെണ്‍കുട്ടി ഉള്‍പ്പെടെ എല്ലാവരെയും കേസില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടിയിലേക്കാണ് ഇനി പൊലീസ് പോകുക. എന്നാല്‍ പ്രണയനൈരാശ്യം കൊണ്ടു മാത്രം ഇത്ര ഭീകരമായ ഒരു കളവ് പറയുമോ എന്ന സംശയം ബാക്കിയാണ്. അത്തരം ദുരൂഹത കൂടി നീക്കിയ ശേഷമാകും കോടതിയില്‍ കേസു തള്ളാനുള്ള റിപ്പോര്‍ട്ട് നല്‍കുക. അതിനിടെ, പൊലീസിനെതിരെ ഗൗരവമേറിയ മറ്റൊരു പരാതി കൂടി വന്നു. നിരപരാധിയായിട്ടും ഈ കേസിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്നാണ് 20 കാരന്‍ പറയുന്നത്. ആദ്യം സഹോദരനെ ആളുമാറി കൊണ്ടുപോയി, പിന്നീട് തന്നെ കൊണ്ടുപോയി കൂടല്‍ പൊലീസ് മര്‍ദ്ദിച്ചു എന്നാണ് ആരോപണം.
അതേസമയം, കസ്റ്റഡി മര്‍ദ്ദനമെന്ന പരാതി പൊലീസ് പൂര്‍ണ്ണമായി തള്ളി. പെണ്‍കുട്ടി നല്‍കിയ മൊഴി പ്രകാരം വിവരം തേടല്‍ മാത്രമാണ് നടന്നതെന്നാണ് വിശദീകരണം.
.jpg)

