നായകളില്‍ പാര്‍വോ വൈറസ് രോഗം പടരുന്നു; ഇതുവരെ ബാധിച്ചത് നാലായിരത്തോളം നായകള്‍ക്ക്..

google news
parvo virus

വയനാട്: ജില്ലയിലെ നായകളില്‍ പാര്‍വോ വൈറസ് രോഗം പടരുന്നതായി മൃഗസംരക്ഷണവകുപ്പ്. ജില്ലയിലെ മൃഗാശുപത്രികളില്‍ പാര്‍വോ രോഗം ബാധിച്ചെത്തുന്ന നായകളുടെ എണ്ണം കഴിഞ്ഞ ഒന്നരമാസമായി ക്രമാതീതമായി വര്‍ധിച്ചുവെന്നും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നാലായിരത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും മൃഗസംരക്ഷണവകുപ്പ് പറയുന്നു. 

തെരുവുനായകള്‍ക്ക് പുറമേ വളര്‍ത്തുനായകളിലും പാര്‍വോ വൈറല്‍ എന്ററൈറ്റിസ് എന്ന മാരകമായ പകര്‍ച്ചരോഗം വ്യാപകമായിരിക്കുകയാണ്. അതേസമയം അന്തരീക്ഷവായുവിലൂടെപ്പോലും രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വൈറസ് പകരുമെന്നതിനാല്‍ മൃഗാശുപത്രിയില്‍ എത്തിക്കുന്ന നായകളില്‍നിന്ന് മറ്റുള്ളവയിലേക്ക് രോഗം പകരാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ അടിയന്തരസാഹചര്യങ്ങളിലല്ലാതെ നിസ്സാരരോഗങ്ങളുടെ ചികിത്സയ്ക്കുവേണ്ടിയോ വാക്‌സിനേഷനുവേണ്ടിയോ വളര്‍ത്തുനായകളെ ആശുപത്രിയിലേക്ക് കൊണ്ടുവരാതെ ശ്രദ്ധിക്കണമെന്ന് മൃഗസംരക്ഷണവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

വൈറസുകള്‍ ശരീരത്തിലെത്തി ഒരാഴ്ചയ്ക്കകം നായകള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങും. വിശപ്പില്ലായ്മ, പനി, ക്ഷീണം, ശരീരതളര്‍ച്ചയും വയറിലെ വേദനയും കാരണം സദാസമയം തണുപ്പുള്ള തറയില്‍ കിടക്കല്‍ എന്നിവയെല്ലാമാണ് പ്രാരംഭലക്ഷണങ്ങള്‍. കുടല്‍ഭിത്തിയിലെ കോശങ്ങളെ നശിപ്പിച്ച് പെരുകുന്ന വൈറസുകള്‍ ദഹനേന്ദ്രിയവ്യൂഹത്തില്‍ രക്തസ്രാവത്തിന് വഴിയൊരുക്കും. തുടര്‍ച്ചയായ ഛര്‍ദി, വയറിളക്കം, ദഹിച്ച് രക്തംകലര്‍ന്ന കറുത്തനിറത്തില്‍ ദുര്‍ഗന്ധത്തോടുകൂടിയ മലം തുടങ്ങിയ ലക്ഷണങ്ങള്‍ തുടര്‍ന്ന് ഒന്നുരണ്ട് ദിവസത്തിനകം പ്രകടമാവും.

തീരെച്ചെറിയ നായക്കുട്ടികളില്‍ പാര്‍വോ രോഗാണു ആദ്യഘട്ടത്തില്‍ത്തന്നെ ഹൃദയകോശങ്ങളെ അതിഗുരുതരമായി ബാധിക്കുമെന്നതിനാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പുതന്നെ മരണം സംഭവിക്കാം. ആറ് ആഴ്ചമുതല്‍ ആറുമാസംവരെ പ്രായമുള്ള നായകളിലാണ് രോഗബാധ കൂടുതലും കണ്ടുവരുന്നത്. 

നിര്‍ജലീകരണം സംഭവിക്കുന്നതിനാല്‍ രോഗംബാധിച്ച നായകള്‍ക്ക് അടിയന്തരചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണംതന്നെ സംഭവിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതിനാല്‍ ഇതോടൊപ്പം എലിപ്പനിപോലെയുള്ള രോഗങ്ങളും അനുബന്ധമായി ബാധിക്കാറുണ്ട്.  പ്രതിരോധകുത്തിവെപ്പെടുക്കുക മാത്രമാണ് ഇതിന് പ്രതിവിധിയെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറും അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ട് ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ ഡോ. കെ. ജയരാജ് അറിയിച്ചു.