വിസിമാര്‍ ആര്‍എസ്എസ് വേദികളില്‍ പങ്കെടുക്കുന്നത് വിപരീത സന്ദേശം നല്‍കും'; റോജി എം ജോണ്‍
ഇത്തരം വേദികള്‍ പങ്കിടുമ്പോള്‍ നല്‍കുന്ന സന്ദേശം വിപരീതമാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി
ആര്‍എസ്എസ് പരിപാടിയില്‍ കേരള വിസിമാര്‍ പങ്കെടുത്തത് അത്യന്തം ഗുരുതരമായ പ്രശ്നമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. വ്യക്തിപരമായ പങ്കാളിത്തം എന്നതിനപ്പുറം മതേതര ജനാധിപത്യ മൂല്യങ്ങളില്‍ അധിഷ്ഠിതമാക്കി പ്രവര്‍ത്തിക്കേണ്ട അക്കാദമിക്ക് സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍ ഇത്തരം വേദികള്‍ പങ്കിടുമ്പോള്‍ നല്‍കുന്ന സന്ദേശം വിപരീതമാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സംഘപരിവാറിന്റെ 100 വര്‍ഷങ്ങള്‍ ആഘോഷിക്കാന്‍ സര്‍സംഘചാലക് മോഹന്‍ ഭാഗവത്തിന്റെ പ്രഭാഷണസഭയില്‍ കേരളത്തിലെ മൂന്ന് സര്‍വ്വകലാശാല വിസിമാര്‍ പങ്കെടുത്തത് അത്യന്തം ഗുരുതരമായ പ്രശ്നമാണ്. കേവലം വ്യക്തിപരമായ പങ്കാളിത്തം എന്നതിനപ്പുറം, മതേതര ജനാധിപത്യ മൂല്യങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ ഇത്തരം വേദികള്‍ പങ്കിടുമ്പോള്‍ അത് നല്‍കുന്ന സന്ദേശം വിപരീതമാണ്. വൈസ് ചാന്‍സലര്‍ പദവി എന്നത് ഒരു സര്‍വകലാശാലയുടെ അക്കാദമികവും ഭരണപരവുമായ നിഷ്പക്ഷതയുടെ പ്രതീകമാണ്. ഏതെങ്കിലും തരത്തിലുള്ള പ്രത്യയശാസ്ത്ര ധ്രുവീകരണങ്ങള്‍ക്ക് അക്കാദമിക പദവികള്‍ വഴിമാറുന്നത് ഒരിക്കലും അനുവദിക്കാനാവില്ല.
നമ്മുടെ സര്‍വ്വകലാശാലകളുടെ മതേതരസ്വഭാവത്തെ അട്ടിമറിക്കാന്‍ നിരന്തരമായ ശ്രമങ്ങള്‍ നടക്കുന്ന കാലത്ത് സര്‍വ്വകലാശാല വിസിമാരില്‍ നിന്നുതന്നെ ഇത്തരമൊരു പ്രവര്‍ത്തി ഉണ്ടാകാന്‍ പാടില്ലായിരുന്നു. തെറ്റായിപോയി എന്ന് പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള മാന്യതയും ആവര്‍ത്തിക്കാതിരിക്കാനുള്ള സാമൂഹിക ബോധവും വിസിമാരില്‍ നിന്ന് ഉണ്ടാകണം.
സര്‍വകലാശാലകളുടെ സ്വയംഭരണാധികാരവും അക്കാദമിക നിഷ്പക്ഷതയും സംരക്ഷിക്കാനും, വിദ്യാഭ്യാസ മേഖലയുടെ മതേതര സ്വഭാവം തകരാതെ കാത്തുസൂക്ഷിക്കാനും ജനാധിപത്യ സമൂഹവും അക്കാദമിക സമൂഹവും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്.
.jpg)

