പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്ന നിയമം നടപ്പിലാക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രം പാർലമെന്റിൽ
ന്യൂഡൽഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്ന ഒരു നിയമവും നടപ്പിലാക്കാൻ കേന്ദ്രത്തിന് പദ്ധതിയില്ലെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി എസ്.പി സിങ് ബാഗേൽ പാർലമെന്റിൽ പറഞ്ഞു. ലോക്സഭയിൽ മുതിർന്ന ബി.ജെ.പി നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ത്രിവേന്ദ്ര സിങ് റാവത്തിന്റെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലാണ് എസ്.പി സിങ് ബാഗേൽ ഇക്കാര്യം വ്യക്തമാക്കിയത്.
പശു വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സംരംഭങ്ങളെ പിന്തുണക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി 2014 ഡിസംബർ മുതൽ കേന്ദ്ര സർക്കാർ 'രാഷ്ട്രീയ ഗോകുൽ മിഷൻ' നടപ്പിലാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.
ഭരണഘടനയുടെ ആർട്ടിക്കിൾ 246(3) പ്രകാരം കേന്ദ്രത്തിനും മൃഗങ്ങളുടെ സംരക്ഷണത്തിൽ സംസ്ഥാനങ്ങൾക്കും നിയമനിർമാണത്തിന് അധികാരമുണ്ട്. 2024ൽ രാജ്യത്തെ മൊത്തം പാൽ ഉൽപാദനമായ 239.30 ദശലക്ഷം ടണ്ണിൽ 53.12 ശതമാനവും പശുവിൻ പാലിൽ നിന്നാണെന്നും 43.62 ശതമാനവും എരുമപ്പാൽ നിന്നാണെന്നും ബാഗേൽ പാർലമെന്റിനെ അറിയിച്ചു.
.jpg)

