പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സാപിഴവെന്ന് പരാതി; തുടർ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യം
ശസ്ത്രക്രിയയ്ക്കിടെയുണ്ടായ അണുബാധയെ തുടർന്ന് രോഗിക്ക് മൂത്രതടസവും അണുബാധയും നേരിട്ടിരുന്നു. എന്നാൽ ഇതിന് ആവശ്യമായ വിദഗ്ധ ചികിത്സയോ മരുന്നുകളോ നൽകിയില്ല. സീനിയർ ഡോക്ടർമാരോ നെഫ്രോളജി വിഭാഗത്തിലെ വിദഗ്ധരോ പരിശോധന നടത്താതെ, മെഡിസിൻ വിഭാഗത്തിലെ പി.ജി വിദ്യാർത്ഥികളായ ഡോക്ടർമാർ മാത്രമാണ് പരിശോധിച്ചത്. വെറും സാധാരണ വൈറൽ പനിയാണെന്ന് പറഞ്ഞ് ദിവസങ്ങളോളം കൃത്യമായ ചികിത്സ നൽകാതെ വാർഡിൽ കഴിയാൻ നിർബന്ധിതരാക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
തളിപ്പറമ്പ്: പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സാപിഴവും ഡോക്ടർമാരുടെ അനാസ്ഥയും കാരണം രോഗിയുടെ നില അതീവ ഗുരുതരമായതായി പരാതി. ആഞ്ചിയോപ്ലാസ്റ്റി സർജറിക്ക് ശേഷം തുടർച്ചികിത്സ തേടിയ നണിയൂർ നമ്പ്രം സ്വദേശിനി കെ.പി ആയിശയ്ക്കാണ് ഈ ദുരവസ്ഥയുണ്ടായത്. നിലവിൽ കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിലെ ഐ.സി.യുവിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ തീവ്രപരിചരണത്തിൽ കഴിയുകയാണ് ഇവർ.ആഞ്ചിയോപ്ലാസ്റ്റിക്ക് ശേഷം ഡിസ്ചാർജായി വീട്ടിലെത്തിയ ആയിശയ്ക്ക് കടുത്ത പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് വീണ്ടും മെഡിക്കൽ കോളജിലെ മെഡിക്കൽ വാർഡിൽ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയായിരുന്നിട്ടും യാതൊരുവിധ മുൻഗണനയോ പ്രത്യേക പരിചരണമോ നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ശസ്ത്രക്രിയയ്ക്കിടെയുണ്ടായ അണുബാധയെ തുടർന്ന് രോഗിക്ക് മൂത്രതടസവും അണുബാധയും നേരിട്ടിരുന്നു. എന്നാൽ ഇതിന് ആവശ്യമായ വിദഗ്ധ ചികിത്സയോ മരുന്നുകളോ നൽകിയില്ല. സീനിയർ ഡോക്ടർമാരോ നെഫ്രോളജി വിഭാഗത്തിലെ വിദഗ്ധരോ പരിശോധന നടത്താതെ, മെഡിസിൻ വിഭാഗത്തിലെ പി.ജി വിദ്യാർത്ഥികളായ ഡോക്ടർമാർ മാത്രമാണ് പരിശോധിച്ചത്. വെറും സാധാരണ വൈറൽ പനിയാണെന്ന് പറഞ്ഞ് ദിവസങ്ങളോളം കൃത്യമായ ചികിത്സ നൽകാതെ വാർഡിൽ കഴിയാൻ നിർബന്ധിതരാക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
നെഫ്രോളജി വിഭാഗത്തിലെ വനിതാ ഡോക്ടറോട് പരിശോധിക്കാൻ അഭ്യർത്ഥിച്ചെങ്കിലും അത് നിഷേധിച്ച് മടങ്ങുകയാണ് ചെയ്തത്. സമയബന്ധിതമായി ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്, മുൻപ് യാതൊരുവിധ വൃക്കരോഗവുമില്ലാതിരുന്ന ആയിശയുടെ വൃക്കകളുടെ പ്രവർത്തനം തരാറിലാവുകയും ആരോഗ്യാവസ്ഥ അത്യന്തം ഗുരുതരമാവുകയും ചെയ്തതിനെ തുടർന്നാണ് എ.കെ.ജി ആശുപത്രിയിലേക്ക് മാറ്റിയത്.സംഭവത്തിൽ മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, കെ. സുധാകരൻ എം.പി, തളിപ്പറമ്പ് എം.എൽ.എ ടി.കെ ഗോവിന്ദൻ,കല്ല്യാശ്ശേരി എം.എൽ.എ എം. വിജിൻ, പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകി.
ഗുരുതര വീഴ്ച വരുത്തിയ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസെടുത്ത് സമഗ്ര അന്വേഷണം നടത്തണമെന്നും, കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും രോഗിയുടെ തുടർ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കണമെന്നും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.
.jpg)