വിദ്യാർഥിയെ വഴക്ക് പറഞ്ഞു; ചെറുതോണിയിൽ അധ്യാപകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദിച്ച് രക്ഷകർത്താവ്

crime

ചെറുതോണി: വിദ്യാർഥിയെ വഴക്കു പറഞ്ഞുവെന്ന് ആരോപിച്ച് അധ്യാപകനെ വീട്ടിൽ കയറി ആക്രമിച്ച് രക്ഷകർത്താവ്. പുഷ്പഗിരി കളരിക്കൽ ലിൻസ് ജോർജി(37)-നെയാണ് ഭാര്യയുടെയും മക്കളുടെയും മുൻപിൽവെച്ച് ക്രൂരമായി മർദിച്ചത്. മദ്യലഹരിയിൽ ബൈക്കിലെത്തിയ പുഷ്പഗിരി മാക്കൽ ശരത് ശശി(28)യാണ് അധ്യാപകനെ ആക്രമിച്ചത്.

സ്വകാര്യസ്കൂളിൽ ഒന്നാംക്ലാസിൽ പഠിക്കുന്ന തന്റെ മകനെ വഴക്കുപറഞ്ഞു എന്നാരോപിച്ച് അധ്യാപകനായ ലിൻസിനെ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് ശരത് മർദിച്ചത്. ആരാടാ കൊച്ചിനെ തല്ലിയതെന്ന് ആക്രോശിച്ചായിരുന്നു രക്ഷകർത്താവിന്റെ മർദനം.

ലിൻസ് പണ്ട് ശരത്തിനേയും ട്യൂഷൻ ക്ളാസിൽ പഠിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിൽ ശരീരത്തിന് കാര്യമായി ക്ഷതമേറ്റ ലിൻസിനെ തങ്കമണി സഹകരണ ആശുപത്രിയിലും തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു. വിശദമായ അന്വേഷണത്തിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും തങ്കമണി പോലീസ് അറിയിച്ചു.

Tags