പറവൂരിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് അപകടം ; യാത്രികയുടെ കാൽ അറ്റു
പറവൂർ : പറവൂർ മെയിൻ റോഡിൽ മിനി സിവിൽ സ്റ്റേഷന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതിക്ക് ഗുരുതര പരിക്ക്. ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ യാത്രികയായ ആലുവ കീഴ്മാട് സ്വദേശിനി കെ.യു. പ്രിയങ്കയുടെ (35) വലതുകാൽ പാദം അറ്റുപോയി.
സെപ്റ്റംബർ 10 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. കച്ചേരിപ്പടി സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് ഏഴിക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് യാത്രക്കാരെ കയറ്റാനായി നിർത്തവേ, ഒരേ ദിശയിൽ വന്ന സ്കൂട്ടറിനെ മറികടക്കാൻ ശ്രമിച്ച ടോറസ് ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിലേക്കും പ്രിയങ്ക റോഡിലേക്കും തെറിച്ചുവീണു. തുടർന്ന് ടോറസിന്റെ പിൻചക്രം യുവതിയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു.
അപകടത്തിൽപ്പെട്ട പ്രിയങ്കയെ ഉടൻ തന്നെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ചേരാനെല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രിയങ്കയുടെ ഇരു കാലുകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അമിതവേഗതയിലെത്തിയ ലോറിയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
.jpg)

