പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിർമ്മാണശാലയിൽ വൻ വെടിമരുന്ന് ശേഖരം : ഉടമയ്‌ക്കെതിരെ കേസെടുത്തു
തൃശ്ശൂർ : പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിർമ്മാണശാലയിൽ അനുവദനീയമായതിലും അധികം സ്ഫോടകവസ്തുക്കൾ സൂക്ഷിച്ച സംഭവത്തിൽ ഉടമയ്‌ക്കെതിരെ കേസെടുത്തു. മുതലമട വെള്ളാരംകടവിലെ നിർമ്മാണശാല ഉടമ ബിനോയ് ജേക്കബിനെതിരെയാണ് കൊല്ലങ്കോട് പൊലീസ് നടപടിയെടുത്തത്. കേവലം 15 കിലോ വെടിമരുന്ന് സൂക്ഷിക്കാൻ മാത്രം ലൈസൻസുള്ള ഇവിടെ ആയിരം കിലോയോളം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതായി റവന്യൂ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ പടക്കനിർമ്മാണശാല പൊലീസ് സീൽ ചെയ്തിരിക്കുകയാണ്.
ചിറ്റൂർ തഹസിൽദാർ നൽകിയ റിപ്പോർട്ടിനെത്തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് തുടർനടപടികൾ സ്വീകരിച്ചത്. തിരുവമ്പാടി വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ജില്ലയിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിരുന്നു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവിന്റെ പടക്കനിർമ്മാണ ശാലയ്ക്ക് നേരത്തെ തന്നെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. വരും ദിവസങ്ങളിൽ ജില്ലയിലെ മറ്റ് നിർമ്മാണശാലകളിലും വിശദമായ പരിശോധന തുടരുമെന്ന് കളക്ടർ അറിയിച്ചു.
വെടിക്കെട്ട് ദുരന്തത്തിന്റെ നടുക്കത്തിൽ തൃശ്ശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കി നടത്താനാണ് പാറമേക്കാവ് ദേവസ്വത്തിന്റെ പ്രാഥമിക തീരുമാനം. 2006-ലെ വെടിക്കെട്ട് അപകടകാലത്തെ മാതൃക പിന്തുടർന്ന് പൂരത്തിന്റെ മറ്റ് ചടങ്ങുകൾ മാത്രം ആചാരപൂർവ്വം നടത്താനാണ് ആലോചന. ഇക്കാര്യം കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തിൽ ദേവസ്വം ഭാരവാഹികൾ ഔദ്യോഗികമായി അറിയിക്കും. വെടിക്കെട്ട് ഉപേക്ഷിക്കുന്നതിലൂടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന പൊതുവികാരമാണ് ദേവസ്വം യോഗത്തിൽ ഉയർന്നുവന്നത്.
.jpg)

