ശബരിമല തീർഥാടനം : പമ്പ സ്‌നാനഘട്ടിൽ നവംബർ 13 ന് മുൻപ് ബാരിക്കേഡിംഗ് പൂർത്തിയാക്കാൻ നിർദ്ദേശിച്ച് മന്ത്രി മോൻസ് ജോസഫ്
ശബരിമല : ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പമ്പ സ്‌നാനഘട്ടിൽ നവംബർ 13 ന് മുമ്പ് ബാരിക്കേഡിംഗ് പ്രവൃത്തികൾ പൂർത്തിയാക്കാൻ നിർദ്ദേശിച്ച് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. ഇതിനായി ഇറിഗേഷൻ ചീഫ് എൻജിനീയറെയും സൂപ്രണ്ടിങ് എൻജിനീയറെയും ചുമതലപ്പെടുത്തി. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഇറിഗേഷൻ വകുപ്പിന്റെയും വാട്ടർ അതോറിറ്റിയുടേയും പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ പത്തനംതിട്ട ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷനായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തും പമ്പയിലും ചേർന്ന അവലോകന യോഗങ്ങളുടെ തുടർച്ചയായാണ് യോഗം ചേർന്നത്. കടവകളുടെ നവീകരണം തൃപ്തികരമായി നടപ്പാക്കി. പമ്പയിൽ സ്‌നാനഘട്ടത്തിൽ മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചീകരിച്ചു.
ഡാമുകളിലെ ജലനിരപ്പ് ക്രമീകരിച്ച് നദിയിൽ കൃത്യമായ നിലയിൽ ജലനിരപ്പ് നിലനിർത്തുന്നതിന് കെ എസ് ഇ ബി യുമായി ചേർന്ന് നടപടി സ്വീകരിക്കും.പന്തളം ഇടത്താവളിൽ ബാരിക്കേഡിംഗ് അടിയന്തരമായി പൂർത്തിയാക്കും. ശബരിമലയിലേക്ക് പോകാൻ പമ്പയിൽ ക്യൂ നിൽക്കുന്ന തീർഥാടകർക്ക് കുടിവെള്ളം ഉറപ്പാക്കും. കാനനപാതയിൽ കുടിവെള്ളം ലഭ്യമാക്കാൻ ദേവസ്വം ബോർഡുമായി ചേർന്ന് താൽക്കാലിക സംവിധാനം ക്രമീകരിക്കും. തീർഥാടനത്തിന് ശേഷം ദേവസ്വം ബോർഡുമായും വനം വകുപ്പുമായും ചർച്ചചെയ്ത് സ്ഥിരസംവിധാനം സജ്ജമാക്കും. പമ്പ മുതൽ സന്നിധാനം വരെയുള്ള വാട്ടർ കിയോസ്‌കുകളുടേയും ശുചീകരണ ശാലകളുടേയും പ്രവർത്തനക്ഷമത ഉറപ്പാക്കും. ദേവസ്വം ബോർഡിന് നിലവിൽ ഉൽപാദന ചിലവിനേക്കാൾ കുറഞ്ഞ നിരക്കിലാണ് വാട്ടർ അതോറിറ്റി ജലം നൽകുന്നത്. തീർഥാടനത്തിന്റെ പ്രാധാന്യം പരിഗണിച്ച് നിരക്ക് വീണ്ടും കുറയ്ക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ആന്റോ ആന്റണി എംപി, എംഎൽഎമാരായ വർഗീസ് മാമ്മൻ, പഴകുളം മധു, സി വി ശാന്തകുമാർ, അബിൻ വർക്കി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, വാട്ടർ അതോറിറ്റി എംഡി എസ് പ്രേംകൃഷ്ണൻ, ജില്ലാ കലക്ടർ എ നിസാമുദ്ദീൻ, ജില്ല പോലീസ് മേധാവി ആർ ആനന്ദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, പത്തനംതിട്ട നഗരസഭ ചെയർപേഴ്‌സൺ സിന്ധു അനിൽ, ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര, എഡിഎം ആർ രാജലക്ഷ്മി, തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷർ, ഇറിഗേഷൻ, വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർമാർ, സൂപ്രണ്ടിങ് എൻജിനീയർമാർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

