ശബരിമല തീർത്ഥാടനത്തിനിടെ പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5,000 രൂപ പിഴ ; കർശന നടപടിയുമായി ശബരിമല എഡിഎം

pamba

 പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തിനിടെ പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഭരണകൂടം. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5,000 രൂപ വരെ പിഴ ഈടാക്കുമെന്നും പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരുമെന്നും ശബരിമല എഡിഎം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

മണ്ഡല-മകരവിളക്ക് തീർത്ഥാടനം ആരംഭിച്ചതു മുതൽ പമ്പാനദിയുടെ ശുചിത്വവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ ചർച്ചകൾ നടന്നിരുന്നു. കഴിഞ്ഞ തീർത്ഥാടന കാലത്ത് ടൺ കണക്കിന് വസ്ത്രമാലിന്യങ്ങളാണ് നദിയിൽ നിന്ന് നീക്കം ചെയ്യേണ്ടി വന്നത്. ശുചീകരണം നടത്തി രണ്ട് ദിവസത്തിനുള്ളിൽ തന്നെ പമ്പ വീണ്ടും മലിനമാകുന്ന സാഹചര്യമാണുണ്ടായിരുന്നത്.

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കരുതെന്ന് കാണിച്ച് വിവിധയിടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ച് ബോധവൽക്കരണം നൽകുന്നുണ്ടെങ്കിലും പല തീർത്ഥാടകരും ഇത് തുടരുന്ന സാഹചര്യത്തിലാണ് കർശന നിയമനടപടിയിലേക്ക് കടക്കുന്നത്. പമ്പയിൽ തുണിമാലിന്യങ്ങൾ കുന്നുകൂടുന്നത് തടയാൻ കർശന നടപടി വേണമെന്ന് ഹൈക്കോടതിയും നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി പമ്പയിൽ 50 മീറ്റർ ഇടവിട്ട് വസ്ത്രങ്ങൾ നിക്ഷേപിക്കാൻ വാട്ടർ പ്രൂഫ് ബിന്നുകൾ സ്ഥാപിക്കാനും നിരീക്ഷണത്തിനായി സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും നിർദ്ദേശങ്ങളുണ്ട്. പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ഏതെങ്കിലും ആചാരത്തിന്റെ ഭാഗമല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡും ശബരിമല തന്ത്രിയും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.

Tags