പാലത്തായി കേസ് : പ്രതിയായ അദ്ധ്യാപകന് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു

Palathai POCSO case: Complaint alleges that accused BJP leader Padmarajan was granted parole in violation of rules

കണ്ണൂർ:പാനൂർ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകനും ബിജെപി പ്രാദേശിക നേതാവുമായ കെ കെ പത്മരാജന്റെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം നല്‍കിയതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍.

ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി വിധിയില്‍ എല്ലാ കാര്യങ്ങളും പരിശോധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സര്‍ക്കാരിനായി സ്റ്റാന്റിങ് കോണ്‍സല്‍ മര്‍സൂഖ് ബാഫഖി തങ്ങളാണ് അപ്പീല്‍ സമര്‍പ്പിച്ചത്. നേരത്തെ തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി വിധിച്ച ശിക്ഷ ചോദ്യംചെയ്യുന്ന അപ്പീലിനോടൊപ്പം നല്‍കിയ ഉപഹരജി അനുവദിച്ചാണ് ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് ജാമ്യം നല്‍കിയത്.

പെണ്‍കുട്ടിയുടെ മൊഴികളില്‍ വലിയ പൊരുത്തക്കേടുകളുണ്ടെന്ന പ്രതിയുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് ശിക്ഷ മരവിപ്പിച്ചത്. ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമാണ് ജാമ്യവ്യവസ്ഥ. പെണ്‍കുട്ടി താമസിക്കുന്ന ജില്ലയില്‍ പ്രവേശിക്കരുതെന്നും സാമൂഹികമാധ്യമങ്ങളിലടക്കം കേസിനെക്കുറിച്ച് പ്രതികരിക്കരുതെന്നും വ്യവസ്ഥയില്‍ പറയുന്നു. 2020 ജനുവരി 15 മുതല്‍ ഫെബ്രുവരി രണ്ടുവരെയുള്ള കാലയളവില്‍ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയായിരുന്നു പത്മരാജന്‍.

പത്തു വയസുള്ള പെണ്‍കുട്ടിയെ വിദ്യാലയത്തിലെ ശുചിമുറിയില്‍വെച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പദ്മരാജന് തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജീവിതാവസാനം വരെയുള്ള ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴികളില്‍ വലിയ പൊരുത്തക്കേടുകളുണ്ടെന്ന പ്രതിയുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്.

ജീവപര്യന്തം ശിക്ഷ ലഭിച്ച കേസില്‍ ഒരു വര്‍ഷവും 11 ദിവസവും മാത്രമാണ് പത്മമരാജന്‍ ജയിലില്‍ കഴിഞ്ഞതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിചാരണക്കോടതി വിധിയില്‍ തെറ്റുകളോ അപാകതകളോ ചൂണ്ടിക്കാണിക്കാതെ ഹൈക്കോടതി ശിക്ഷാവിധി സസ്പെന്‍ഡ് ചെയ്തത് നിയമവിരുദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിചാരണക്കോടതിയുടെ വിധിയില്‍ നിയമപരമായ തെറ്റോ നിലനില്‍ക്കാനാവാത്ത വീഴ്ചയോ ഉണ്ടെങ്കില്‍ മാത്രമേ അപൂര്‍വ സാഹചര്യങ്ങളില്‍ ശിക്ഷ സസ്പെന്‍ഡ് ചെയ്യാവൂവെന സുപ്രിംകോടതി തന്നെ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നാണ് അപ്പീലില്‍ കേരള സർക്കാർ ചൂണ്ടിക്കാട്ടിയിരിക്കുന്നത്

Tags