പാലക്കാട് ആദിവാസി കോളനിയിലെ യുവാക്കളെ കാണാതായിട്ട് രണ്ടുവര്‍ഷം; തുമ്പായില്ല

പാലക്കാട്: മുതലമട ചപ്പക്കാട് ആദിവാസി കോളനിയിലെ രണ്ട് യുവാക്കളെ കാണാതായിട്ട് രണ്ടുവര്‍ഷം പിന്നിട്ടു. ലോക്കല്‍ പോലീസില്‍ നിന്നും അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും കാര്യമായൊന്നും കണ്ടെത്തിയില്ലെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2021 ആഗസ്റ്റ് 30നാണ് സാമുവല്‍ സ്റ്റീഫന്‍(28), സുഹൃത്തും അയല്‍വാസിയുമായ മുരുകേശന്‍(28) എന്നിവരെ കാണാതായത്.
നാളിതുവരെയും ഇവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതിനിടയില്‍ ലഭിച്ച അജ്ഞാത തലയോട്ടിയുടെ പേരില്‍ കേസന്വേഷണം വഴി തിരിച്ചുവിട്ടതായി നേതാക്കള്‍ ആരോപിച്ചു. മുന്നൂറിലധികം പേരെ ചോദ്യം ചെയ്യുകയും തോട്ടങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് കിളച്ചുമറിച്ചെന്നും കൊക്കരണികള്‍ വറ്റിച്ചെന്നും പറയുന്നതല്ലാതെ യാതൊരു തുമ്പും ലഭിച്ചില്ല. വാര്‍ത്താസമ്മേളനത്തില്‍ രക്ഷാധികാരി വിളയോടി ശിവന്‍കുട്ടി, ചെയര്‍മാന്‍ കെ. വാസുദേവന്‍, കണ്‍വീനര്‍ സക്കീര്‍ ഹുസൈന്‍, രാധാകൃഷ്ണന്‍ വിത്തനശ്ശേരി, രാജന്‍ പുലിക്കോട്, കെ. കാര്‍ത്തികേയന്‍ പങ്കെടുത്തു.