പാലക്കാട് കൂട് തകര്‍ത്ത് ആടിനെ പുലി പിടിച്ചു

google news
 tiger

പാലക്കാട്: നെന്മാറ കരിമ്പാറ തളിപ്പാടം എ. വാസുവിന്റെ കൂട്ടില്‍ കിടന്ന ആടിനെ പുലി പിടിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് അഴികള്‍ പൊളിച്ച് ആടിനെ പുലി പിടിച്ചുകൊണ്ടുപോയത്. കുട്ടികള്‍ അടക്കം ആറ് ആടുകളെ കെട്ടിയിട്ട കൂട്ടിലെ മരം കൊണ്ടുള്ള അഴികള്‍ക്കിടയിലൂടെയാണ് ആടിനെ പിടിച്ചു വലിച്ചു കൊണ്ടു പോയത്. രാത്രി ഒരു മണിയോടെ മറ്റ് ആടുകളുടെ കരച്ചില്‍ കേട്ട് പുറത്തുവന്നു നോക്കിയപ്പോഴാണ് വിവരം അറിയുന്നത്. കൂട്ടില്‍ ഉണ്ടായിരുന്ന നാല് മാസം ഗര്‍ഭിണിയായ 20 കിലോയില്‍ അധികം തൂക്കം വരുന്ന ആടിനെയാണ് പുലി പിടിച്ചത്. 20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വാസു പറഞ്ഞു.

കൂടിനു സമീപം രക്തവും പൊട്ടിയ അഴികള്‍ക്കിടയില്‍ ആടിന്റെ രോമവും മറ്റും പറ്റിപ്പിടിച്ചിരുന്നു. രാത്രി നല്ല മഴ ഉണ്ടായിരുന്നതിനാല്‍ മണ്ണില്‍ പതിഞ്ഞ കാല്‍പാദങ്ങള്‍ രാവിലെ അവ്യക്തമായിരുന്നു. തൊട്ടടുത്ത് മറ്റൊരു ഷെഡില്‍ പശുവിനെ കെട്ടിയിരുന്നെങ്കിലും പുലി ആക്രമിച്ചില്ല. വാസുവിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന രണ്ടു നായകളെയും കഴിഞ്ഞ രണ്ടുമാസത്തിനിടെ പുലി പിടിച്ചിരുന്നു. തുടര്‍ന്ന് വാസു നായകളെ വളര്‍ത്തുന്നത് ഉപേക്ഷിച്ചു. രണ്ടാഴ്ച മുമ്പ് വാസുവിന്റെ വീടിന് ഒരു കിലോമീറ്റര്‍ ഓളം അകലെ റോഡില്‍ കരടിയെ കണ്ടിരുന്നു. വനമേഖലയില്‍ നിന്നും ഏറെ അകലെയുള്ള വീടുകളില്‍ പുലിയെത്തുന്നത് സര്‍വസാധാരണമായത് മേഖലയിലെ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയാണ്.

വനത്തോട് ചേര്‍ന്ന സൗരോര്‍ജ വൈദ്യുത വേലിയും പൊതുമരാമത്ത് റോഡും കനാലും മറികടന്നാണ് പുലി വീട്ടുവളപ്പുകളില്‍ എത്തുന്നത്. ഈ മേഖലയില്‍ മുമ്പ് കാട്ടാനയും റോഡില്‍ ഇറങ്ങിയിരുന്നു. മാന്‍, പന്നി എന്നിവ സ്ഥിരമായി പ്രദേശത്ത് കാണാറുണ്ടെങ്കിലും തുടര്‍ച്ചയായി വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നത് ആശങ്ക ഉളവാക്കുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടു. മലയോര മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലെ തെരുവുവിളക്കുകള്‍ കത്താത്തത് വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതിന് സൗകര്യമാകുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

Tags