റെയില്‍വേ ഗേറ്റ് അടഞ്ഞുകിടക്കുമ്പോള്‍, വാഹനവുമായി ട്രാക്ക് മുറിച്ചുകടക്കുന്നവർക്കെതിരെ കര്‍ശന നടപടിയുമായി പാലക്കാട് റെയില്‍വേ ഡിവിഷന്‍

Palakkad Railway Division takes strict action against those who cross the tracks with vehicles while the railway gate is closed

പാലക്കാട്: റെയില്‍വേ ലെവല്‍ ക്രോസിങ് ഗേറ്റുകള്‍ അടയ്ക്കുന്നതിനിടെയോ അടച്ച ശേഷമോ വാഹനങ്ങളുമായി, നിയമവിരുദ്ധമായി കടന്നുപോകുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍. ഇത്തരം നിയമലംഘനങ്ങളില്‍ ഉള്‍പ്പെടുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയോ, റദ്ദാക്കുകയോ ചെയ്യുമെന്ന് റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഗേറ്റ് തകര്‍ത്ത് കടന്നുപോകുന്ന സംഭവങ്ങള്‍ യാത്രക്കാരുടെയും റെയില്‍വേ ജീവനക്കാരുടെയും ജീവന്‍ അപകടത്തിലാക്കുന്നതോടൊപ്പം റെയില്‍വേ സ്വത്തിനും വന്‍ നാശനഷ്ടം ഉണ്ടാക്കുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റിനെ സമീപിച്ച് കര്‍ശന നടപടികള്‍ ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന്, കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സംസ്ഥാനത്തെ എല്ലാ ലൈസന്‍സിങ് അതോറിറ്റികള്‍ക്കും സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. റെയില്‍വേ അധികൃതരില്‍ നിന്ന് വിവരം ലഭിക്കുന്നപക്ഷം, മോട്ടോര്‍ വാഹന നിയമം 1988ലെ സെക്ഷന്‍ 19(1), 19(1A) പ്രകാരമുള്ള അധികാരം ഉപയോഗിച്ച് കുറ്റക്കാരായ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാന്‍ സാധിക്കും. റെയില്‍വേ സ്വത്തിനുണ്ടാകുന്ന നാശനഷ്ടങ്ങളുടെ കേസുകളില്‍ ആര്‍പിഎഫ് പ്രത്യേക ക്രിമിനല്‍ നടപടികളും ആരംഭിക്കും.
 

Tags