പാലക്കാട് നിന്ന് കുടുംബത്തെ കാണാതായ സംഭവം: പോലീസ് മിസ്സിങ് നോട്ടീസ് പുറത്തിറക്കി

Teacher beats up seventh grader in Idukki; Police register case


പാലക്കാട്: വാണിയംകുളത്തു നിന്നും കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്താനായി ഷൊര്‍ണൂര്‍ പോലീസ് മിസ്സിങ് നോട്ടീസ് പുറത്തിറക്കി. വാണിയംകുളം കൃഷ്ണകൃപ വീട്ടില്‍ ബാബു ഭാസ്‌കര്‍(68), ഭാര്യ രമാദേവി(65), മകന്‍ വിഷ്ണു(32) എന്നിവരെയാണ് കഴിഞ്ഞ ആറു ദിവസമായി കാണാതായത്. ഇവര്‍ സഞ്ചരിച്ചതായി കരുതുന്ന പിക്കപ്പ് വാന്‍ കഴിഞ്ഞ ദിവസം നിലമ്പൂര്‍ വഴിക്കടവില്‍ കണ്ടെത്തിയിരുന്നു.

കാണാതായവരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഷൊര്‍ണൂര്‍ പോലീസുമായി ബന്ധപ്പെടാനാണ് നോട്ടീസിലെ നിര്‍ദേശം. മലയാളത്തിലും തമിഴിലും നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്താനായി മറ്റൊരു പോലീസ് സംഘത്തെ കൂടി നിയോഗിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘത്തിനാണ് ചൊവ്വാഴ്ച രൂപം നല്‍കിയത്.

സംഘം നിലവില്‍ ഗുണ്ടല്‍പ്പെട്ടില്‍ എത്തി അന്വേഷണം നടത്തി വരികയാണ്. എസ്.ഐ കെ.പി. അശ്വിന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീഷ്, സിവില്‍ പോലീസ് ഓഫീസര്‍ സുജി ശേഖര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആദ്യസംഘം മൈസൂര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി വരികയാണ്. കേരളത്തില്‍ നിന്നും കര്‍ണാടക ബോര്‍ഡറിലേക്ക് വാഹനം കടന്നതായും തിരികെ വാഹനം കേരളത്തിലേക്ക് എത്തിയതായും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. കര്‍ണാടകയിലേക്ക് പ്രവേശിക്കുമ്പോള്‍ വാഹനത്തില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നതായും തിരിച്ച് വാഹനം ഉപേക്ഷിക്കുമ്പോള്‍ മകന്‍ വിഷ്ണു മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി. വാഹനം ഉപേക്ഷിച്ച ശേഷം മകന്‍ വിഷ്ണു എങ്ങോട്ട് പോയെന്നും അച്ഛനും അമ്മയും എവിടെയെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.

Tags