പാലക്കാട് കാട്ടുപന്നിയിടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്


പാലക്കാട്: വടക്കഞ്ചേരി മംഗലംഡാം ചിറ്റടിയില്‍ കാട്ടുപന്നിയിടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. പ്ലസ് വണ്‍ വിദ്യാര്‍ഥികളായ ചിറ്റടി ആയാംകുടിയില്‍ ആന്റോ സിബി (16), അലക്‌സ് പ്രിന്‍സ് (16) എന്നിവര്‍ക്കാണ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റത്.
സാരമായി പരുക്കേറ്റ ആന്റോ സിബിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും അലക്‌സ് പ്രിന്‍സിനെ വടക്കഞ്ചേരി വള്ളിയോട്ടെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. രാവിലെ ഒമ്പതുമണിയോടെയാണ് അപകടം.
പള്ളിയില്‍ പോയി ഇരുചക്ര വാഹനത്തില്‍ തിരികെ പോകുമ്പോള്‍ ചിറ്റടി കണിമംഗലം റോഡില്‍ ആര്‍.പി.എസിന് സമീപം പാലത്തില്‍ വെച്ച് വലിയ ഒരു പന്നിയും അഞ്ച് കുഞ്ഞുങ്ങളും റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ജനവാസമേഖലയായ ചിറ്റടിയില്‍ അടുത്തിടെയായി പന്നി ശല്യം രൂക്ഷമാണ്.