പാലക്കാട് നെന്മാറ അയിലൂരില്‍ സംഘര്‍ഷം:അഞ്ചു പേര്‍ക്ക് പരുക്ക്

പാലക്കാട്: നെന്മാറ അയിലൂര്‍ കുറുമ്പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. വെട്ടും അടിയുമേറ്റ് അഞ്ചുപേര്‍ക്ക് പരുക്ക്. സംഘര്‍ഷാവസ്ഥക്ക് അയവ് വരുത്താന്‍ പ്രദേശത്ത് പോലീസ് സേനയെ വിന്യസിച്ചു. ഇരുവിഭാഗത്തിനുമെതിരെ പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 10:45 ന് അയിലൂര്‍ കുറുമ്പൂരിലാണ് സംഘര്‍ഷമുണ്ടായത്.
കുറുമ്പൂര്‍ സ്വദേശികളായ നിഖില്‍(26), സുഹൃത്ത് അബിദ്(36) എന്നിവര്‍ ശനിയാഴ്ച രാത്രി 10:45 ഓടെ സമീപത്തെ വിവാഹവീട്ടില്‍ ഒരുക്കത്തിന് പോയി ഇരുചക്രവാഹനത്തില്‍ മടങ്ങി വരുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.
കുറുമ്പൂര്‍ സ്വദേശിയായ തങ്കപ്പന്റെ നായ ഇവര്‍ സഞ്ചരിച്ച വാഹനത്തിന് കുറുകെ ചാടി എന്നും പിടിച്ചു മാറ്റാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തത് സംബന്ധിച്ചാണ് നായയുടെ ഉടമയായ തങ്കപ്പനും (47) തമ്മില്‍ തര്‍ക്കം ഉണ്ടായത്. ബഹളം കേട്ടെത്തിയ അയല്‍ക്കാരായ സരില്‍ കുമാര്‍ (43), സജിത്ത് (42) എന്നിവരും ഇടപെട്ടതോടെ സംഘര്‍ഷമായി.
ആയുധവും കമ്പികളും കല്ലും കൊണ്ടായിരുന്നു ആക്രമണം. തലക്കും ശരീരത്തിലും വെട്ടേറ്റും കമ്പി വടികൊണ്ട് അടിയേറ്റും പരുക്കുപറ്റി ചികിത്സയില്‍ കഴിയുന്ന നിഖില്‍, അബിദ് എന്നിവര്‍ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും തങ്കപ്പന്‍, സരില്‍ കുമാര്‍, സജിത് എന്നിവര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലുമാണ് ചികിത്സ തേടിയത്.
ഇവരെ കൂടാതെ ആക്രമണത്തില്‍ ഉള്‍പ്പെട്ട കണ്ടാല്‍ അറിയാവുന്ന നാലുപേര്‍ക്കെതിരെ കൂടി നെന്മാറ പോലീസ് കേസെടുത്തു.
കുറുമ്പൂര്‍ ഭാഗത്ത് ദിവസങ്ങള്‍ക്കു മുന്‍പ് കൊടിമരം പിഴുതു മാറ്റിയത് സംബന്ധിച്ച് സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നു. ഇപ്പോള്‍ സംഘര്‍ഷത്തില്‍ പരുക്ക് പറ്റിയവരും ഇരുരാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്‍പ്പെട്ടവരായതിനാല്‍ തുടര്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശത്ത് പോലീസ് സേനയെ വിന്യസിച്ചു.
നിഖിലും അബിദും സഞ്ചരിച്ച ഇരുചക്ര വാഹനം എതിര്‍ വിഭാഗക്കാര്‍ കേടുപാടുകള്‍ വരുത്തി സമീപത്തെ കനാലിലേക്ക് തള്ളിയിട്ടിരുന്നു. ഇത് പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.