പാലക്കാട് അയല്‍വാസി യുവാവിന്റെ ശരീരത്തില്‍ ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ചു

acid attack

പാലക്കാട്: അയല്‍വാസി, യുവാവിന്റെ ശരീരത്തില്‍ ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ചു. കുഴല്‍മന്ദം മാത്തൂര്‍ കരിയങ്കോട് ആനിക്കോട് ചേരിങ്കല്‍ വീട്ടില്‍ സതീഷ് (43) ആണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ സതീഷിനെ പാലക്കാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാവിലെ പത്തോടെ ആനിക്കോട് ചേരിങ്കില്‍ വച്ചാണ് സംഭവം. രോഗബാധിതനായി കഴിയുന്ന സുഹൃത്ത് ആനിക്കോട് ചേരിങ്കല്‍ വീട്ടില്‍ രതീഷിനെ കണ്ടു മടങ്ങവെയാണ് സതീഷിനു നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ചേരിങ്കല്‍ രമേഷി (49) നെതിരെ കോട്ടായി പോലീസ് വധശ്രമത്തിനു കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.

കോട്ടായി പോലീസ് പറയുന്നത് ഇങ്ങനെ: ആനിക്കോട്, ചേരിങ്കല്‍ രമേഷിന്റെ സഹോദരന്‍ രതീഷ് പക്ഷാഘാതം വന്ന് കിടപ്പിലാണ്. രതീഷിന്റെ ചികിത്സയ്ക്ക് ആവശ്യമായ മുഴുവന്‍ സഹായങ്ങളും സതീഷ് നല്‍കി വരുകയാണ്. അമ്മയുടെ സഹോദരി സുലോചനയാണ് രതീഷിനെ പരിചരിക്കുന്നത്. രണ്ട് മാസം മുമ്പ് സുലോചനയെ രമേഷ് ക്രൂരമായി മര്‍ദ്ദിച്ചു. 

ചോദ്യം ചെയ്ത രതീഷിനെയും രമേഷ്  മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് കോട്ടായി പോലീസ് രമേഷിനെ പോലീസ് ചോദ്യം ചെയ്തു വിട്ടതാണ്. അതിലെ വിരോധമാണ് സതീഷിന് നേരെയുള്ള ആസിഡ് ആക്രമണത്തിന് കാരണം. തലയിലും പുറകുവശത്തും ഇടതു കൈയിലും പൊള്ളലേറ്റിട്ടുണ്ട്. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Tags