പാലക്കാട് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം: പ്രതിയെ കിട്ടിയില്ല

google news
mvd

പാലക്കാട്: മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനെ ആക്രമിച്ച് ഇ-പോസ് മെഷീന്‍ തകര്‍ത്ത സംഭവത്തില്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയില്ല. അമിതഭാരം കയറ്റുകയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും വന്ന ടോറസ് ലോറി കസ്റ്റഡിയിലെടുത്ത് ഓടിച്ചു കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പാലക്കാട് ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്‌മെന്റ് എം.വി.ഐ. എ. അജീഷ് കുമാറിനാണ് ബുധനാഴ്ച വൈകീട്ട് പുതിയങ്കം വേലക്കണ്ടത്തിനു സമീപം വെച്ച് മര്‍ദനമേറ്റത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ചുള്ളിയാര്‍ ഡാമില്‍ നിന്ന് മണല്‍ കയറ്റിവന്ന ടോറസ് നെന്മാറയില്‍ വെച്ച് അജീഷ് കുമാറും സംഘവും തടഞ്ഞത്. ഡ്രൈവര്‍ കൊല്ലങ്കോട് സ്വദേശി ദിലീപും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ സമീപത്തെ വേ ബ്രിഡ്ജില്‍ കൊണ്ടുപോയി തൂക്കം നോക്കിയപ്പോള്‍ അനുവദനീയമായ 31 ടണ്ണിന്റെ സ്ഥാനത്ത് 65 ടണ്‍ ഭാരം കണ്ടെത്തിയതിനാല്‍ വാഹനം കസ്റ്റഡിയിലെടുത്തു.

ആര്‍.ഡി.ഒയ്ക്ക് കൈമാറാനായി നെന്മാറയില്‍ നിന്ന് ആലത്തൂര്‍ ഭാഗത്തേക്ക് വരുമ്പോള്‍ ലോറി ഉടമയും കേരള ടോറസ് ആന്‍ഡ് ടിപ്പര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ തൃശൂര്‍ ചുവന്ന മണ്ണ് സ്വദേശി ഷിജുവും സംഘവും ലോറിക്കു കുറുകെ ജീപ്പ് കൊണ്ടിടുകയും ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും ഇ-പോസ് മെഷീന്‍ തകര്‍ക്കുകയും ചെയ്തു. അജീഷിനൊപ്പം ഉണ്ടായിരുന്ന എ.എം.വി.ഐമാരായ കെ. പ്രദീപും സി. ചന്ദ്രലാലും അറിയിച്ചതനുസരിച്ച് ആലത്തൂര്‍ പോലീസ് എത്തിയതോടെ ഉടമ ഷിജുവും സംഘവും മറ്റൊരു കാറില്‍ കയറി രക്ഷപ്പെട്ടു. ടോറസ് ലോറിയും ഉടമയും സംഘവും വന്ന ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.
 

Tags