പാലക്കാട് കേരളത്തിലേക്കുള്ള ബിജെപിയുടെ കവാടം ; വികസനം മോദിയുടെ ഗ്യാരന്റിയാണെന്നും മാറാത്തത് ഇനി മാറുമെന്നും പ്രധാനമന്ത്രി

modi

കല്‍പാത്തിയെ കാശിയോട് ഉപമിച്ച മോദി, വാരണാസിയില്‍ നിന്നുള്ള അംഗമായ തനിക്ക് പാലക്കാട് ഏറെ പ്രിയപ്പെട്ടതാണെന്നും കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി പാലക്കാടെത്തി. കല്‍പ്പാത്തി ക്ഷേത്രത്തിന് പ്രണാമം അര്‍പ്പിച്ചാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്. പാലക്കാടിന്റെ പ്രകൃതി സൗന്ദര്യം വര്‍ണിച്ച മോദി, പാലക്കാട് കേരളത്തിലേക്കുള്ള ബിജെപിയുടെ കവാടമാണെന്നും കല്‍പ്പാത്തി കാശിക്ക് സമാനമാണെന്നും അഭിപ്രായപ്പെട്ടു. 
വികസനം മോദിയുടെ ഗ്യാരന്റിയാണെന്നും മാറാത്തത് ഇനി മാറും പ്രധാനമന്ത്രി പറഞ്ഞു. കല്‍പാത്തിയെ കാശിയോട് ഉപമിച്ച മോദി, വാരണാസിയില്‍ നിന്നുള്ള അംഗമായ തനിക്ക് പാലക്കാട് ഏറെ പ്രിയപ്പെട്ടതാണെന്നും കൂട്ടിച്ചേര്‍ത്തു. ഇടത് വലത് മുന്നണികള്‍ കേരളത്തെ പിന്നോട്ടടിച്ചു. ബിജെപി അതിവേഗ വികസനം കേരളത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ മഹാന്മാരെ മോദി തന്റെ പ്രസംഗത്തില്‍ പേരെടുത്ത് പരാമര്‍ശിച്ചു. 'ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, മന്നത്ത് പത്മനാഭന്‍, അയ്യങ്കാളി, കുര്യാക്കോസ് ഏലിയാസ് ചാവറ എന്നീ മഹാ തേജസ്വികളെ ഞാന്‍ പ്രണാമം അര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്‍ഡിഎഫിനെതിരെയും കോണ്‍ഗ്രസിനെതിരെയും മോദി പ്രസംഗത്തില്‍ തുറന്നടിച്ചു. പതിറ്റാണ്ടുകളായി യുഡിഎഫും എല്‍ഡിഎഫും കേരളത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നു കോണ്‍ഗ്രസുകാര്‍ ബിജെപിയുടെ ബി ടീം ആണെന്ന്. എന്നാല്‍ കോണ്‍ഗ്രസുകാരും ഇതേ വിമര്‍ശനം ഉന്നയിക്കുന്നു. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. കേരളത്തില്‍ ബിജെപി എ ടീമായി മാറുകയാണ്. രണ്ട് മുന്നണികളും ഭയക്കുന്നത് ബിജെപിയെയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ മുന്‍ സര്‍ക്കാരുടെ ചെയ്തികളെ കുറിച്ച് അന്വേഷണം നടത്തും. ബിജെപി, എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുമെന്നും മോദി പ്രതീക്ഷയര്‍പ്പിച്ചു.

Tags