പാലക്കാട് ജനകീയ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

gas


പാലക്കാട്: പുതുശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഹോട്ടല്‍ അഗ്നിക്കിരയായി. അപകടമുണ്ടായ ഉടന്‍ ജീവനക്കാര്‍ ഹോട്ടലിന് പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടാവസ്ഥ ഒഴിവായി. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് സംഭവം. പുതുശ്ശേരി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലിലെ എച്ച്.പി. ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.

ഭക്ഷണം പാചകം ചെയ്യുമ്പോള്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് കുടുംബശ്രീ വനിത ജീവനക്കാര്‍ പറഞ്ഞു. തങ്കമണി, സിനി, സുമതി എന്നീ ജീവനക്കാരാണ് ഹോട്ടലില്‍ ഉണ്ടായിരുന്നത്. ഇവര്‍ പുറത്തേക്ക് ഓടിയതിനാല്‍ രക്ഷപ്പെട്ടു. സിലിണ്ടര്‍ പൊട്ടി തെറിച്ചതിന്റെ ആഘാതത്തില്‍ തൊട്ടടുത്തുള്ള ട്രാക്ടര്‍ ഏജന്‍സിയുടെ ഓഫീസിലും കേടുപാടുകള്‍ സംഭവിച്ചു.
പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടറിന്റെ അവശിഷ്ടങ്ങള്‍ ഏകദേശം 200 മീറ്റര്‍ അകലെയുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്നുവരെ കണ്ടെടുത്തതായി അഗ്നിരക്ഷാ സേന അറിയിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങളുടെ അവസരോചിതമായ രക്ഷാപ്രവര്‍ത്തനം വന്‍ അപകടാവസ്ഥ ഒഴിവാക്കാനായി. തീപിടുത്തത്തില്‍ ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കുടുംബശ്രീ ജീവനക്കാര്‍ അറിയിച്ചു.
കഞ്ചിക്കോട് അഗ്‌നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. ഹിതേഷ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി.ആര്‍. രാകേഷ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം. രമേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ ഹോട്ടലിലെ തീ അണച്ചു. കഞ്ചിക്കോട് സ്റ്റേഷനിലെ സിവില്‍ ഡിഫന്‍സ്, ആപതാ മിത്ര അംഗങ്ങള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു.

Share this story