പാലായിൽ വീടിന് തീപിടിച്ചു ; എസിയിലെ ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം

The young man's head caught fire while repairing a car in Malappuram

 പാലാ: പാലാ പുലിയന്നൂരിൽ വീടിന് തീ പിടിച്ചു. കൃഷ്ണ വിലാസം സുധീഷിന്റെ വീട്ടിലാണ് ചൊവ്വാഴ്ച വൈകിട്ട് തീപ്പിടിത്തമുണ്ടായത്. എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

താഴത്തെ നിലയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മുകളിലത്തെ നിലയിൽ താമസിക്കുന്നവർ വീട്ടുടമസ്ഥനായ സുധീഷിനെ വിവരം അറിയിച്ചത്. സുധീഷ് സ്ഥലത്തെത്തി വീട് തുറന്നപ്പോഴേക്കും ഒരു മുറി പൂർണമായും തീപിടിച്ച നിലയിലായിരുന്നു. തുടർന്ന് മറ്റ് മുറികളിലേക്കും തീ പടർന്നിരുന്നു

പാലായിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപ്പിടിത്തത്തിൽ വീട്ടിലെ രേഖകൾ, വസ്ത്രങ്ങൾ, ഫർണിച്ചർ എന്നിവയുൾപ്പെടെ നിരവധി സാധനങ്ങൾ കത്തിനശിച്ചു. തീ പടർന്ന സമയം വീട്ടിൽ ആളില്ലാതിരുന്നതാണ് വൻ ദുരന്തം ഒഴിവാക്കിയത്.

അപകടത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി വീട്ടുടമ സുധീഷ് പറഞ്ഞു. എസിയിലെ ഷോർട്ട് സർക്യൂട്ടാണോ തീപ്പിടിത്തത്തിന് യഥാർഥ കാരണമെന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ. അടച്ചിട്ട വീടുകളിൽ വൈദ്യുത ഉപകരണങ്ങളിൽ നിന്നുള്ള അപകടസാധ്യത വീണ്ടും ശ്രദ്ധയിൽപ്പെടുത്തുന്നതാണ് പാലായിലെ സംഭവം.

Tags