പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ രണ്ടുവരെ

Painkuni festival at Padmanabhaswamy temple from March 24 to April 2

 തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ രണ്ടുവരെ. ചൊവ്വാഴ്ച രാവിലെ കൊടിയേറ്റോടുകൂടിയാണ് ഉത്സവം ആരംഭിക്കുക. ഏപ്രില്‍ രണ്ടിനാണ് ആറാട്ട്. ക്ഷേത്രത്തിനു മുന്നില്‍ പഞ്ചപാണ്ഡവന്മാരുടെ രൂപങ്ങളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തി.

24ന് രാവിലെ 8.45ന് കൊടിയേറ്റ് ചടങ്ങുകള്‍ ആരംഭിക്കും. ശുദ്ധിക്രിയകള്‍ക്ക് ശേഷം പൂജിച്ച കൊടിക്കൂറയും കൊടിക്കയറും പെരിയനമ്പിയും പഞ്ചഗവ്യത്തു നമ്പിയും ചേര്‍ന്ന് തന്ത്രിക്ക് കൈമാറും. പത്മനാഭസ്വാമിക്കു മുന്നിലെ കൊടിമരത്തില്‍ തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാടും തിരുവമ്പാടിയില്‍ തരണനല്ലൂര്‍ സജി നമ്പൂതിരിപ്പാടും കൊടിയേറ്റിന് കാര്‍മ്മികരാകും. ഇതിന് മുന്നോടിയായി പള്ളിവേട്ടയ്ക്കുള്ള മുളപൂജയ്ക്ക് മിത്രാനന്ദപുരം ക്ഷേത്രക്കുളത്തില്‍ നിന്ന് മണ്ണുനീര്‍ കോരി ക്ഷേത്രത്തിലെത്തിക്കും.

31ന് വലിയ കാണിക്ക സമര്‍പ്പിക്കല്‍ നടക്കും. ഏപ്രില്‍ 1ന് രാത്രിയാണ് പള്ളിവേട്ട. 2ന് വൈകിട്ട് ആറാട്ടോടെ ഉത്സവം സമാപിക്കും. ഉത്സവദിവസങ്ങളില്‍ വൈകീട്ട് 4.30നും രാത്രി 8.30നും ഉത്സവ ശ്രീബലി ഉണ്ടായിരിക്കും.ക്ഷേത്രസ്ഥാനീയനായ തിരുവിതാംകൂര്‍ രാജപ്രതിനിധി ഉടവാളുമായി ആറാട്ട് ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലൂടെയാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര കടന്നു പോവുക. ഇതിനായി വിമാനത്താവളം അന്നേദിവസം ഉച്ചയ്ക്ക് ശേഷം പൂര്‍ണമായും അടച്ചിടും.
വര്‍ഷത്തില്‍ രണ്ട് തവണയുള്ള ഘോഷയാത്രയ്ക്ക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കും. ഇത്തരത്തില്‍ ക്ഷേത്ര ചടങ്ങിനായി വിമാനത്താവളം അടച്ചിടുന്നത് ഇന്ത്യയില്‍ തന്നെ ഇവിടെ മാത്രമാണ്.

Tags