പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പിൽ കൂടുതൽ അന്വേഷണം ആവശ്യം ; കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ്
തിരുവനന്തപുരം: പൈക്ക (പഞ്ചായത്ത് യുവ ക്രീഡ ഓർ ഖേൽ അഭിയാൻ) പദ്ധതി ഫണ്ട് തട്ടിപ്പിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു. സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ നിന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് വകുപ്പിന് ബോധ്യപ്പെട്ടെന്നും എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പൈക്ക കോർഡിനേറ്റർക്കെതിരെ പരാതി ഉയർന്നിരുന്നെന്നും ജനീഷ് പറഞ്ഞു. 2025 ജൂൺ 11-ന് പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എംഎൽഎമാരായ കെ പി നൗഷാദ് അലി, സജീവ് ജോസഫ്, കെ ജയന്ത്, വി എസ് ജോയ് എന്നിവർ നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഒ ജെ ജനീഷ് ഇക്കാര്യം പറഞ്ഞത്.
കേന്ദ്ര സർക്കാരിന്റെ പഞ്ചായത്ത് യുവക്രീഡ ഓർ ഖേൽ അഭിയാൻ പദ്ധതിക്കായി അനുവദിച്ച തുകയിൽ 11.91 കോടി രൂപ തട്ടിയെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. വിവരാവകാശ അപേക്ഷയിൽ സ്‌പോർട്‌സ് കൗൺസിലിൽ നിന്ന് മറുപടി ലഭിച്ചതോടെയാണ് തട്ടിപ്പുവിവരം പുറത്തായത്. പദ്ധതി വഴി കേരളത്തിന് അനുവദിച്ച 36.37 കോടി രൂപയിൽ 23.88 കോടി രൂപയാണ് വിവിധ തദ്ദേശ സ്ഥാപനങ്ങൾ വഴി ചെലവഴിച്ചത്. 2014-ൽ പൈക്ക പദ്ധതി നിർത്തലാക്കിയപ്പോൾ 48.29 ലക്ഷം രൂപ കേന്ദ്രത്തിൽ തിരിച്ചടച്ചു എന്നും 8.97 ലക്ഷം രൂപ പൈക്കയുടെ ബാങ്ക് അക്കൗണ്ടിൽ ബാക്കിയുണ്ടെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കിയ സ്‌പോർട്‌സ് കൗൺസിലിന് അവശേഷിക്കുന്ന 11.91 കോടി എവിടെപ്പോയി എന്ന് കണ്ടെത്താനായിട്ടില്ല.
സംഭവത്തിൽ മന്ത്രി ഒ ജെ ജനീഷ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കായികവകുപ്പ് സെക്രട്ടറിയെയാണ് മന്ത്രി ചുമതലപ്പെടുത്തിയത്. കോടികൾ കാണാതായ സംഭവത്തിൽ പൈക്കയുടെ മുൻ കോർഡിനേറ്ററും നിലവിലെ കേരളാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റുമായ എം ആർ രഞ്ജിത്തിന്റെ പങ്കിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് മന്ത്രി നിർദേശിച്ചിരുന്നു. തട്ടിപ്പ് വാർത്ത പുറത്തായതിന് പിന്നാലെ രഞ്ജിത് രാജിയ്ക്ക് ഒരുങ്ങുന്നതായും വാർത്തയുണ്ടായിരുന്നു. എന്നാൽ പൈക്ക തട്ടിപ്പിലെ അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കരുതെന്ന് മന്ത്രി സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. പദ്ധതി നടത്തിപ്പിലെ അപാകത മൂലം 2011-ൽ പൈക്ക കോ ഓർഡിനേറ്റർ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട രഞ്ജിത് 2016-ൽ കേരളാ സ്‌പോർട്‌സ് കൗൺസിൽ ഭരണസമിതി അംഗമായാണ് തിരിച്ചെത്തിയത്.
.jpg)

