പത്മശ്രീ ചെറുവയൽ രാമന്റെ സംസ്കാരം ഇന്ന്, ഔദ്യോഗിക ബഹുമതികളോടെ സംസ്കാരചടങ്ങുകൾ
ഉച്ചയ്ക്ക് ശേഷം കൊടുമയിൽ കുറിച്യ സമുദായ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരചടങ്ങുകൾ നടക്കും
മാനന്തവാടി: വയനാട്ടിലെ പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനും പത്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയൽ രാമൻ്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് ആയിരുന്നു അന്ത്യം.
വയനാട് എടവക പഞ്ചായത്തിലെ കമ്മനയിൽ ചെറുവയൽ കുറിച്യ തറവാട്ടിൽ ജനിച്ച രാമൻ വയനാട്ടിലെ പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷകനെന്ന നിലയിലാണ് പ്രസിദ്ധനായത്. രാജ്യം പത്മശ്രീ കൊടുത്ത് ആദരിച്ച ചെറുവയൽ രാമന് അടുത്തിടെയാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻ ചാണ്ടി കാർഷിക പുരസ്കാരം ലഭിച്ചത്.
കാലാവസ്ഥ വ്യതിയാനങ്ങളെ പോലും അതിജീവിക്കാൻ ശേഷിയുള്ള ഏതാണ്ട് 55ഓളം നെൽവിത്തുകൾ അദ്ദേഹം സരക്ഷിച്ച് സൂക്ഷിച്ചിരുന്നു. ബ്രസീലിലിൽ നടന്ന ലോക കാർഷിക സെമിനാറിൽ അടക്കം ലോകത്തിലെ 11ഓളം രാജ്യങ്ങളിലാണ് അദ്ദേഹം കൃഷിയുമായി ബന്ധപ്പെട്ട വിവിധ സമ്മേളനങ്ങളിൽ ചെറുവയൽ രാമൻ ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്തിട്ടുണ്ട്. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ജിനോം സേവിയർ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
രാത്രിയോടെ മാനന്തവാടി കമ്മനയിലെ വസതിയിൽ മൃതദേഹം എത്തിച്ചപ്പോൾ നിരവധി ആളുകൾ അന്തിമോപചാരമർപ്പിക്കാൻ എത്തി.ഇന്ന് രാവിലെ ഒൻപത് മുതൽ പന്ത്രണ്ട് വരെ അദ്ദേഹം പഠിച്ച കമ്മന നവോദയ എൽ.പി സ്കൂളിൽ പൊതുദർശനം നടക്കും.
തുടർന്ന് ഉച്ചയ്ക്ക് ശേഷം കൊടുമയിൽ കുറിച്യ സമുദായ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരചടങ്ങുകൾ നടക്കും. സംസ്ഥാന മന്ത്രിസഭയെ പ്രതിനിധീകരിച്ച് ടി.സിദിഖ് ഉൾപ്പെടെയുള്ള മന്ത്രിമാരും മുൻ മന്ത്രിമാരായ പി പ്രസാദ്, വി.എസ് സുനിൽകുമാർ ഉൾപ്പെടെയുള്ള ഇടത് നേതാക്കളും അന്ത്യാഞ്ജലി അർപ്പിക്കാൻ വയനാട്ടിലെത്തും.
.jpg)


