നാട്ടിലെ ചെറുപ്പക്കാര്‍ക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ തുടങ്ങാന്‍ നിക്ഷേപകര്‍ തയ്യാറാകണം: പി രാജീവ്

Investors should be ready to start industries suitable for the youth of the country: P Rajeev
Investors should be ready to start industries suitable for the youth of the country: P Rajeev

കണ്ണൂര്‍: കേരളത്തിലെ ചെറുപ്പക്കാരുടെ നൈപുണ്യശേഷിയ്ക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ തുടങ്ങാന്‍ നിക്ഷേപകര്‍ തയ്യാറാകണമെന്ന് വ്യവസായ-നിയമ-കയര്‍ മന്ത്രി പി രാജീവ് പറഞ്ഞു. ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ ഭാഗമായി സംസ്ഥാന വ്യവസായവകുപ്പ് നടത്തുന്ന മലബാര്‍ കോണ്‍ക്ലേവ് കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ അഭ്യസ്തവിദ്യരും നൈപുണ്യ ശേഷിയുമുള്ള ചെറുപ്പക്കാര്‍ക്ക് അനുയോജ്യമായ വ്യവസായം വന്നാല്‍ കൂടുതല്‍ ശോഭനമായ തൊഴില്‍ സാധ്യത ഇവിടെ തന്നെ രൂപപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

വ്യവസായ വളര്‍ച്ചയ്ക്ക് ഏറെ വളക്കൂറുള്ള മണ്ണാണ് മലബാറിലേതെന്ന് പി രാജീവ് ചൂണ്ടിക്കാട്ടി. സംരംഭക വര്‍ഷം പദ്ധതി പ്രകാരം ഏതാണ്ട് 2300 കോടി രൂപയുടെ നിക്ഷേപമാണ് മലബാര്‍ മേഖലയിലുണ്ടായത്. ഇത് സമൂഹത്തില്‍ നിന്ന് തന്നെ സ്വരുക്കൂട്ടിയ നിക്ഷേപമാണെന്നത് പ്രാധാന്യമര്‍ഹിക്കുന്നു. 50,000 ലധികം തൊഴിലവസരമാണ് ഇതു വഴി മലബാര്‍ മേഖലയില്‍ സാധ്യമായത്.

മലബാറില്‍ ഏറെ സാധ്യത കല്‍പ്പിക്കുന്ന മട്ടന്നൂര്‍ വ്യവസായ പാര്‍ക്കിന്‍റെ 500 ഏക്കറിന്‍റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായിക്കഴിഞ്ഞു. അടുത്ത 500 ഏക്കറിന്‍റെ കൂടി ഉടന്‍ സാധ്യമാകും. പാലക്കാട് മാതൃകയില്‍ മാളുകള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, എന്നിവയടങ്ങുന്ന സ്മാര്‍ട്ട് വ്യവസായ പാര്‍ക്കാണ് മട്ടന്നൂരില്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

കാസര്‍കോട്ട് പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍റെ 100 ഏക്കര്‍ ഭൂമിയില്‍ വ്യവസായപാര്‍ക്ക് കൊണ്ടു വരും. കാഞ്ഞങ്ങാട് വ്യവസായപാര്‍ക്ക്, ചീമേനി ഐ ടി പാര്‍ക്ക് എന്നിവയും വിവിധ ഘട്ടങ്ങളിലാണ്. സംസ്ഥാനത്ത് സ്വകാര്യ വ്യവസായപാര്‍ക്കിനായി 31 ലൈസന്‍സ് നല്‍കി. അതില്‍ 11 എണ്ണം മലബാറിലെ നാല് ജില്ലകളിലാണ്. ഫെബ്രുവരിയ്ക്ക് മുമ്പ് സംസ്ഥാനത്ത് 50 സ്വകാര്യ വ്യവസായപാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ശരാശരി 100 കോടി മൊത്ത വരുമാനമുള്ള ആയിരം കമ്പനികള്‍ വിഭാവനം ചെയ്യുന്ന മിഷന്‍ 1000 പദ്ധതിയില്‍ മലബാര്‍ മേഖലയ്ക്ക് കാര്യമായ സംഭാവന നല്‍കാനാവുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വ്യവസായ അന്തരീക്ഷത്തിലുണ്ടായിരുന്ന നിഷേധാത്മക സമീപനം മാറ്റിയ വ്യവസായമന്ത്രി പി രാജീവിന്‍റെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന അഴിക്കോട് എംഎല്‍എ കെ വി സുമേഷ് പറഞ്ഞു. മലബാറിലെ മത്സ്യബന്ധന സാധ്യതകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്‍വസ്റ്റ് കേരള  ഉച്ചകോടിയെക്കുറിച്ചും സംസ്ഥാന വ്യവസായവകുപ്പിന്‍റെ പുതിയ ഉദ്യമങ്ങളെക്കുറിച്ചും വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അവതരണം നടത്തി. വിഴിഞ്ഞം വഴി ഷിപ്പിംഗ് ഇടപാടുകള്‍ നടത്തിയാല്‍ ഒരു യാത്രയില്‍ 1.51 കോടി രൂപ ലാഭമാണെന്ന് ദുബായിലെ അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികള്‍ അറിയിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ വ്യവസായങ്ങള്‍ക്ക് നികുതി ഇളവ് അല്ല മറിച്ച് അടിസ്ഥാന സൗകര്യങ്ങളാണ് വേണ്ടതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കെഎസ്ഐഡിസി ഡയറക്ടറും വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് എംഡിയുമായ പി കെ മായന്‍ മുഹമ്മദ് ചൂണ്ടിക്കാട്ടി. മലബാറിലെ വ്യവസായ ആവാസവ്യവസ്ഥ എന്ന വിഷയത്തില്‍ പ്രമുഖ വ്യവസായിയും വികെസി ഗ്രൂപ്പ് എംഡിയുമായ വികെസി റസാഖ് സംസാരിച്ചു.

വ്യവസായവകുപ്പ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി, കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍, ഇന്‍വസ്റ്റ് കേരള ഒഎസ്ഡി വിഷ്ണുരാജ് പി,  കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കൃഷ്ണന്‍ ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോണ്‍ക്ലേവില്‍ പങ്കെടുത്ത പ്രതിനിധികളും മന്ത്രിയുമായി ചോദ്യോത്തരവേളയും നടന്നു.
 

Tags