ഗ്യാലറിയിൽ ഇരുന്ന് കളി കാണുന്നത് പോലെയല്ല കളത്തിൽ ഇറങ്ങി കളിക്കുന്നത്' ; മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏകോപനങ്ങളിൽ സർക്കാരിന് വീഴ്ച ഉണ്ടായെന്ന് പി രാജീവ്
തിരുവനന്തപുരം: മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏകോപനങ്ങളിൽ സർക്കാരിന് വീഴ്ച ഉണ്ടായെന്ന് മുൻ മന്ത്രി പി രാജീവ് റിപ്പോർട്ടറിനോട്. മുഖ്യമന്ത്രി വി ഡി സതീശൻ സ്വീകരിക്കേണ്ട നയം ഇതല്ലെന്നും മുൻ സർക്കാർ സ്വീകരിച്ച നിലപാടുകൾ നോക്കാവുന്നതാണെന്നുമായിരുന്നു പി രാജീവിൻറെ പ്രതികരണം. ജനങ്ങൾ ദുരിതമനുഭവിക്കുന്ന സമയത്തല്ല ഉദ്ഘാടനത്തിനും വിരുന്നിനും പോകേണ്ടതെന്നും ഇക്കാര്യങ്ങളെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പോകുന്നിടത് എല്ലാം ഉയർന്ന ഉദ്യോഗസ്ഥരും പോയി നിൽക്കണം. അങ്ങനെയെങ്കിൽ ഏകോപന പ്രവർത്തനങ്ങൾ ആരാണ് ചെയ്യുക. ഗ്യാലറിയിൽ ഇരുന്ന് കളി കാണുന്ന പോലെയല്ല കളത്തിൽ ഇറങ്ങി കളിക്കുന്നത്.' പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിലും പി രാജീവ് പ്രതികരിച്ചു. ഇടതുപക്ഷ സർക്കാർ ഹെലികോപ്റ്റർ ഉപയോഗിച്ചപ്പോൾ ധൂർത്ത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. മുൻപ് പറഞ്ഞ വാക്ക് എന്താണെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും അദ്ദേഹം പരിഹസിച്ചു. വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കാതെ കേരളം ഒന്നിച്ചുനിൽക്കേണ്ട സമയമാണ് ഇപ്പോൾ ഉള്ളതെന്നും പി രാജീവ് കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റർ യാത്രയിൽ നേരത്തേയും വിമർശനവുമായി പി രാജീവ് എത്തിയിരുന്നു. വെറുതെ കിടക്കുന്ന ഹെലികോപ്റ്റർ ഉപയോഗിച്ചെന്നും കാറിൽ പോയാൽ ഉണ്ടാകുന്ന ഇന്ധന ചെലവ് ലാഭിച്ചെന്നുമായിരിക്കും ബുധനാഴ്ചത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറയുകയെന്ന് പി രാജീവ് പരിഹസിച്ചിരുന്നു. മുൻ മുഖ്യമന്ത്രി എന്തെല്ലാം കാര്യങ്ങൾക്ക് ഉപയോഗിക്കാതിരുന്നോ ഇപ്പോൾ അതിനൊക്കെയാണ് ഹെലികോപ്റ്റർ ഉപയോഗിക്കുന്നതെന്നും ഇന്നലെ പറഞ്ഞത് എന്തെന്ന് ഓരോ കാര്യം ചെയ്യുമ്പോഴും സ്വയം ഒന്ന് ആലോചിക്കുന്നത് നന്നാവുമെന്നും പി രാജീവ് പറഞ്ഞിരുന്നു.
.jpg)

