വിമർശനം ഉന്നയിച്ചിട്ടില്ല, വസ്തുതകൾ വഴി തിരിച്ചു വിടരുത്; മെക് സെവനെതിരായ പരാമർശം വിവാദമായതിന് പിന്നാലെ മലക്കംമറിഞ്ഞ് പി.മോഹനൻ

P Mohanan after his remark against Mech Seven became controversial
P Mohanan after his remark against Mech Seven became controversial

കോഴിക്കോട്: മെക് സെവനെതിരെ സിപിഐഎം വിമർശനം ഉന്നയിച്ചിട്ടില്ലെന്നും വസ്തുതകൾ വഴി തിരിച്ചു വിടരുതെന്നും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. കഴിഞ്ഞ ദിവസം മെക് സെവനെതിരെ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. വ്യായാമമുറ ശീലിക്കുന്നത് രോഗമുക്തിക്ക് നല്ലതാണെന്നും അത് പ്രോത്സാഹിപ്പിക്കണമെന്നും പി മോഹനൻ പറഞ്ഞു. 

ഇത്തരം പൊതുകൂട്ടായ്മകളിൽ നുഴഞ്ഞുകയറി മതനിരപേക്ഷത തകർക്കാൻ സംഘപരിവാർ, ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് എന്നിവർ ശ്രമിക്കുന്നുണ്ട്. അതാണ് കഴിഞ്ഞ ദിവസം താൻ പറഞ്ഞതെന്നും ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും മതത്തിനെ പരാമർശിച്ചിട്ടില്ലെന്നും എല്ലാ വർഗീയതയേയും ചെറുക്കുമെന്നും പി മോഹനൻ കൂട്ടിച്ചേർത്തു.

മലബാറിൽ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയായ മെക് സെവനിൽ തീവ്രവാദ ശക്തികൾ നുഴഞ്ഞുകയറിയിട്ടുണ്ട് എന്നായിരുന്നു കഴിഞ്ഞ ദിവസം പി മോഹനൻ നടത്തിയ പ്രസ്താവന. മുൻപ് സിപിഐഎം തളിപ്പറമ്പ് ഏരിയാ സമ്മേളനത്തിലും പി മോഹനൻ ഇതേ പ്രസ്താവന ഉന്നയിച്ചിരുന്നു. 

അതേസമയം മലബാർ മേഖലയിൽ വലിയ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയാണ് മെക് 7. 21 മിനിറ്റ് നീളുന്ന വ്യായാമ കൂട്ടായ്മയാണ് മെക് സെവൻ. മലപ്പുറം ജില്ലയിലെ തുറക്കലിലെ സൈനിക ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റൻ സലാഹുദ്ദീനാണ് ഈ വ്യായാമ രീതി പരിചയപ്പെടുത്തിയത്. 2022 ലാണ് ഈ കൂട്ടായ്മ തുടങ്ങിയത്. നിലവിൽ ഇതിന് ആയിരത്തോളം യൂണിറ്റുകൾ ഉണ്ട്.