പി. ജയരാജൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രതിപക്ഷം; തോൽവിക്ക് തന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: സിപിഎം നേതാവ് പി. ജയരാജനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. പി. ജയരാജൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രതിപക്ഷമാണെന്നും, തെരഞ്ഞെടുപ്പിൽ തോറ്റുപോയതിന് തന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പത്തുകൊല്ലം തുടർച്ചയായി ഭരിച്ചപ്പോൾ പലരും എല്ലാം മറന്നുവെന്നും, രണ്ടാമത്തെ ടേമിൽ എന്തൊക്കെയാണ് കാണിച്ചതെന്ന് ജനങ്ങൾ നേരിട്ട് കണ്ടതാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു. "ജനം ഇത്രയും സഹിച്ചില്ലേ? ഭരണമോഹങ്ങളുമായി നടന്ന കുറെ ആളുകൾക്ക് മൂന്നാമതും ഭരണം കിട്ടാത്തതിന്റെ വല്ലാത്ത വിഷമമുണ്ട്. പിണറായിക്കും ആ വിഷമം ഉണ്ടാകാം. എസ്എൻഡിപിയുടെ അടക്കമുള്ള പരമ്പരാഗത വോട്ടുകൾ പോലും ലഭിക്കാതെ പോയെങ്കിൽ ഇതിലും വലിയ പരാജയം ഉണ്ടായേനെ," അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തന്നെ തള്ളിപ്പറഞ്ഞതിന് 'ഊക്ക് പോരാ' എന്നൊക്കെയാണ് ചില ഊക്കന്മാർ പറയുന്നതെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. പിണറായി വിജയന്റെ കാറിൽ കയറിയതിൽ യാതൊരു തെറ്റുമില്ലെന്നും, പിണറായി തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, പാർട്ടിക്കുള്ളിലെ വിമർശനങ്ങളിലൂടെ ജയരാജന്റെ തട്ടകത്തിൽ സിപിഎം എവിടെ എത്തിയെന്ന് എല്ലാവർക്കും അറിയാമെന്നും കൂട്ടിച്ചേർത്തു.
.jpg)

