ആവശ്യമായ വൈദ്യുതി ഉണ്ടായിട്ടും കൃത്രിമമായ വൈദ്യുതിക്ഷാമം സൃഷ്ടിച്ചു,മുന്നണിഭരണത്തിൽ പാലിക്കേണ്ട മര്യാദ മുഖ്യമന്ത്രി വി ഡി സതീശൻ പാലിച്ചില്ല :പി ജയരാജൻ
പത്തനംതിട്ട: ജിഎൻഎ കരാറിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ. വൈദ്യുതി മന്ത്രിയെ ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിക്കുകയാണെന്നും ആവശ്യമായ വൈദ്യുതി ഉണ്ടായിട്ടും കൃത്രിമമായ വൈദ്യുതിക്ഷാമം സൃഷ്ടിച്ചെന്നും പി ജയരാജൻ ആരോപിച്ചു. മുന്നണിഭരണത്തിൽ പാലിക്കേണ്ട മര്യാദ മുഖ്യമന്ത്രി വി ഡി സതീശൻ പാലിച്ചില്ലെന്നും പി ജയരാജൻ പറഞ്ഞു.
'കേരളത്തിലെ സതീശൻ സർക്കാർ ആറ് മാസത്തിനകം കൂട്ടുത്തരവാദിത്തം ഇല്ലാത്ത സർക്കാർ ആണെന്ന് തെളിയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൂട്ടുത്തരവാദിത്തം വേണമെന്നത് ഭരണഘടനാപരമായ കാര്യമാണ്. ഞാനൊന്നുമറിയില്ല, മുഖ്യമന്ത്രിയാണ് തീരുമാനം എടുത്തതെന്നാണ് വൈദ്യുതി മന്ത്രി ഒടുവിൽ പറഞ്ഞത്. ഇപ്പോൾ ആളുകൾ പരിഹസിക്കുകയാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെയാണ് കറന്റ് കട്ട് ഏർപ്പെടുത്തിയത്. ആവശ്യമായ വൈദ്യുതി ഉണ്ടായിട്ട് പോലും കൃത്രിമമായി വൈദ്യുതി ക്ഷാമം സൃഷ്ടിച്ചാണ് ഇത്തരമൊരു കരാർ ഉണ്ടാക്കിയത്. മുന്നണി ഭരണത്തിൽ പാലിക്കേണ്ട മര്യാദയും സതീശൻ പാലിക്കുന്നില്ലെന്ന് മറ്റുഘടകക്ഷികളിലെ മന്ത്രിമാരും പറഞ്ഞുതുടങ്ങി. മന്ത്രിയറിയാത്ത തീരുമാനങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയാണ്', പി ജയരാജൻ ആരോപിച്ചു.
അതേസമയം ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് സംസ്ഥാനം തൽക്കാലം പിൻവാങ്ങിയെങ്കിലും സർക്കാരിന് എതിരെ ശക്തമായി രംഗത്തിറങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. ജുഡീഷ്യൽ അന്വേഷണമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പങ്ക് അന്വേഷിക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.
.jpg)

