'ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ എങ്ങനെ കാണും?'; ബിഷപ്പ് പ്ലാംപാനിയുടെ പ്രസ്താവനക്കെതിരെ പി ജയരാജന്‍

google news
p jayarajan

രാഷ്ട്രീയ രക്തസാക്ഷികള്‍ക്കെതിരായ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പ്ലാംപാനിയുടെ പ്രസ്താവനക്കെതിരെ സിപിഎം നേതാവ് പി ജയരാജന്‍. ബിഷപ്പിന്റെ പ്രസ്താവന ഖേദകരമാണ്. ചിന്താശേഷിയുള്ള ജനങ്ങള്‍ ഇതു തള്ളിക്കളയും. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തെ ബിഷപ്പ് പ്ലാംപാനി എങ്ങനെ കാണുമെന്ന് പി ജയരാജന്‍ ചോദിച്ചു. 

രക്തസാക്ഷികളെ കലഹിച്ചവരായി മുദ്രയടിക്കുമ്പോള്‍, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രക്തസാക്ഷിയാണല്ലോ ഗാന്ധിജി. ഡല്‍ഹിയിലെ ബിര്‍ള മന്ദിറില്‍ പ്രാര്‍ത്ഥനയ്ക്കായി പോകുമ്പോഴാണ് ഗോഡ്സെ അടക്കമുള്ള മതഭ്രാന്തന്മാര്‍ ഗാന്ധിജിയെ മൃഗീയമായി വെടിവെച്ചു കൊന്നത്. ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം രാജ്യം ഔദ്യോഗികമായി ആചരിച്ചു വരുന്നു. 

ബിഷപ്പിന്റെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍, ഗാന്ധിജി ആരുമായി കലഹിക്കാന്‍ പോയിട്ടാണ് വെടിയേറ്റു മരിച്ചതെന്ന് ജയരാജന്‍ ചോദിച്ചു. ഇത് ഒറ്റപ്പെട്ട പ്രസ്താവനയല്ല. ബിഷപ്പ് പ്ലാംപാനി നേരത്തെ ബിജെപിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ഉള്‍പ്പെടെ ഇത് അവജ്ഞയോടെ തള്ളിക്കളഞ്ഞുവെന്നും പി ജയരാജന്‍ പറഞ്ഞു. 

കണ്ടവന്മാരോട് അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണ് രക്തസാക്ഷികള്‍ എന്നാണ് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പ്ലാംപാനി അഭിപ്രായപ്പെട്ടത്. പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് വീണു മരിച്ചവരുമുണ്ടാകാമെന്ന്  ബിഷപ്പ് പറഞ്ഞു. കണ്ണൂര്‍ ചെറുപുഴയില്‍ കെസിവൈഎം യുവജനദിനാഘോഷ വേദിയിലാണ് ബിഷപ്പിന്റെ വിവാദ പരാമര്‍ശം. 

രാഷ്ട്രീയ രക്തസാക്ഷികളെപ്പോലെയല്ല അപ്പോസ്തലന്മാര്‍. 
സത്യത്തിനും നന്‍മയ്ക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണ് അപ്പോസ്തലന്‍മാര്‍. ഈ പന്ത്രണ്ട് അപ്പോസ്തലന്‍മാരും രക്തസാക്ഷികളായി മരിച്ചവരാണ്. രാഷ്ട്രീയക്കാരുടെ രക്തസാക്ഷികളെപ്പോലെയല്ല, അപ്പോസ്തലന്‍മാരുടെ രക്തസാക്ഷിത്വമെന്നും ബിഷപ്പ് പ്ലാംപാനി പറഞ്ഞു. 

Tags