ക്രിസ്മസ്-പുതുവത്സര കേക്ക് നിർമ്മാണത്തിനായി ചീഞ്ഞതും പുഴുവരിച്ചതുമായ 16,000-ത്തിലധികം മുട്ടകൾ; മാവൂരിൽ വൻ ഭക്ഷ്യസുരക്ഷാ വേട്ട

Over 16,000 rotten and wormy eggs used for making Christmas and New Year cakes; Massive food safety raid in Maur

കോഴിക്കോട്: ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾക്ക് തയ്യാറാക്കുന്ന കേക്കുകളിൽ ഉപയോഗിക്കാനായി സൂക്ഷിച്ച ചീഞ്ഞതും പുഴുവരിക്കുന്നതുമായ 16,000-ത്തിലധികം മുട്ടകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു. കോഴിക്കോട് കുന്നമംഗലം ഫുഡ് സേഫ്റ്റി സർക്കിളിന് കീഴിൽ മാവൂർ ഗ്വാളിയർ റയൺസ് മേഖലയിൽ നടത്തിയ പരിശോധനയിലാണ് മനുഷ്യോപയോഗത്തിന് യോഗ്യമല്ലാത്ത മുട്ടശേഖരം കണ്ടെത്തിയത്. പിടിച്ചെടുത്ത മുട്ടകൾ നശിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

മാവൂരിലെ 'പുനത്തിൽ', 'പിയു എഗ് സ്റ്റോൾ' എന്നീ രണ്ട് മൊത്തവിതരണ സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. നല്ല മുട്ടകൾക്കൊപ്പം പൊട്ടിയതും ചീഞ്ഞതും പ്രാണികൾ ആക്രമിച്ചതുമായ മുട്ടകൾ ബേക്കറി നിർമ്മാണ യൂണിറ്റുകൾക്ക് വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എസി (ശീതീകരിച്ച) മുറികളിലും അല്ലാതെയുമാണ് ഇവ സൂക്ഷിച്ചിരുന്നത്. രണ്ട് സ്ഥാപനങ്ങൾക്കും കൂടി പ്രതിദിനം ഏകദേശം രണ്ടേമുക്കാൽ ലക്ഷം രൂപയുടെ വിറ്റുവരവുള്ളതായാണ് വിവരം.

പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച രണ്ട് സ്ഥാപനങ്ങളുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ, ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം (2006) പ്രകാരം അഡ്ജുഡിക്കേഷൻ നടപടികളും ആരംഭിക്കും.

സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുക എന്നത് വകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും, ഭക്ഷ്യവസ്തുക്കൾ ഉൽപ്പാദിപ്പിക്കുകയും സംഭരിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഡോ. ജോസഫ് കുര്യാക്കോസ് വ്യക്തമാക്കി. കുന്നമംഗലം ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. എ.പി. അനു, എലത്തൂർ ഫുഡ് സേഫ്റ്റി ഓഫീസർ സി.എ. വിമൽ, അസിസ്റ്റന്റ് ബിജിത എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Tags