'വീണ്ടും അവയവ ദാനം' ; ആംബുലന്‍സ് ഇടിച്ചു മരിച്ച ഏഴ് വയസ്‌കാരന്റെ അവയവങ്ങള്‍ ദാനം ചെയ്യും

d

വാഹനാപകടത്തില്‍ പരിക്കേറ്റ് കിംസ് ഹെല്‍ത്തില്‍ ചികിത്സയിലിരിക്കെയാണ് കുട്ടിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവ ദാനം. തമിഴ്‌നാട് സ്വദേശിയായ മാസ്റ്റര്‍ ലോകിനേനി യാഷ്വന്‍ എന്ന ഏഴ് വയസ്‌കാരന്റെ അവയവങ്ങള്‍ ആണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വൃക്കയുമായി ആംബുലന്‍സ് പുറപ്പെട്ടു.കോഴിക്കോട്  ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 17 വയസ്സുള്ള കണ്ണൂര്‍ സ്വദേശിക്കാണ് ഒരു വൃക്ക കൊണ്ട് പോകുന്നത് .മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗിക്കാണ് നല്‍കുന്നത്.

വാഹനാപകടത്തില്‍ പരിക്കേറ്റ് കിംസ് ഹെല്‍ത്തില്‍ ചികിത്സയിലിരിക്കെയാണ് കുട്ടിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. പിന്നാലെ കുടുംബം കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതം അറിയിക്കുകയായിരുന്നു. ആറ് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഇരു വൃക്കകള്‍, കരള്‍, ഹൃദയ വാല്‍വ്, കോര്‍ണിയകള്‍ എന്നിവയാണ് ദാനം ചെയ്യുന്നത്.

റോഡ് മാര്‍ഗം ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയാണ് അവയവം കൊണ്ടു പോകുന്നത്. ഇതിനായി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. കോര്‍ണിയകള്‍ ആര്‍ഐഒ തിരുവനന്തപുരത്തേക്കും ഹാര്‍ട്ട് വാല്‍വ് എസ്‌സിടിഐഎംഎസ്ടിയിലേക്കുമാണ് കൊണ്ട്‌പോകുന്നത്.

ജൂണ്‍ 29നാണ് സൈക്കിളില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് ലോകിനേനിക്ക് പരിക്കേല്‍ക്കുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജൂലൈ 5ന് രാവിലെ 10.38നാണ് കുട്ടിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.

Tags