സര്‍ക്കാര്‍ നവകേരള സദസില്‍ എന്ത് ജനകീയ പ്രശ്‌നങ്ങളാണ് പരിഗണിക്കുക; പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം: കേരളത്തിന്‍റെ ഭയാനക സാമ്പത്തിക പ്രതിസന്ധിയും ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരും കേരള ജനത ഒന്നാകെയും അഭിമുഖീകരിക്കുന്ന ജീവല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത സര്‍ക്കാര്‍ നവകേരള സദസില്‍ എന്ത് ജനകീയ പ്രശ്‌നങ്ങളാണ് പരിഗണിക്കുകയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
52 ലക്ഷം പേര്‍ക്ക് നാല് മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശികയാണ്. നിരാലംബരായ അവര്‍ മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ കഷ്ടപ്പെടുകയാണ്. ഇവരുടെ പ്രശ്‌നങ്ങള്‍ എന്ന് പരിഹരിക്കും? കര്‍ഷകരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്.
പി.ആര്‍.എസ് വായ്പ നെല്‍ കര്‍ഷകന് തീരാ ബാധ്യതയായിരിക്കുന്നു. നാളികേര കര്‍ഷകര്‍ അവഗണന നേരിടുകയാണ്. റബ്ബര്‍ കര്‍ഷന്റെ 250 രൂപ താങ്ങുവില എവിടെ? കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്ന് പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.
ധൂര്‍ത്തിന്‍റേയും അഴിമതിയുടെയും പാപഭാരം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ഈ ആഢംബര യാത്രയെ കേരളീയര്‍ അവജ്ഞയോടെ കാണുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു