സര്‍ക്കാര്‍ നിലകൊള്ളുന്നത് നാടിനാകെയാണെന്ന് പ്രതിപക്ഷം തിരിച്ചറിയണം: മുഖ്യമന്ത്രി

cm
cm

കണ്ണൂർ :  നാടിനും ജനങ്ങള്‍ക്കും വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന കാര്യം പരിപാടികള്‍ ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷം മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ചിറക്കല്‍ മന്ന ഗ്രൗണ്ടില്‍ അഴീക്കോട് മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

tRootC1469263">

ജനതീരുമാനത്തിന്റെ ഭാഗമാണ് കേരളത്തിലെ തുടര്‍ഭരണം. നാടിന് ഒരു സര്‍ക്കാരെയുള്ളൂ. ജനങ്ങളെയാകെ കണ്ട് കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതിനോട് സഹകരിക്കേണ്ടതില്ലേ? ബഹിഷ്‌കരണം ജനാധിപത്യ പ്രക്രിയക്ക് ഭൂഷണമല്ല. മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാലം വരെ ക്രിയാത്മകമായ ഒരു നിര്‍ദേശവും ഒരു ഘട്ടത്തിലും നല്‍കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. സംസ്ഥാനത്തിനവകാശപ്പെട്ട കേന്ദ്ര വിഹിതവും സഹായവും വെട്ടിക്കുറച്ച് സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതിനെതിരെ ഒരക്ഷരം മിണ്ടാന്‍ കേരളത്തിലെ യു ഡി എഫ് എം പിമാര്‍ തയ്യാറാവുന്നില്ല. പകരം പാര്‍ലമെന്റില്‍ സംസ്ഥാനത്തെ, അപകീര്‍ത്തിപ്പെടുത്താനാണ് അവരുടെ ശ്രമം. എന്താണിവരുടെ മനോഭാവം എന്നറിയില്ല. നമുക്ക് അതിജീവിച്ചേ മതിയാവൂ. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നവകേരള സദസ്സിനെത്തുന്ന ജനസഞ്ചയത്തെ കണ്ട് പരിഭവിച്ചിട്ടോ, കെറുവിച്ചിട്ടോ, അസൂയപ്പെട്ടിട്ടോ കാര്യമില്ല. നാടിന്റെ വികാരമാണിത്. അതിനാലാണ് പ്രായ, ദേശ, ഭേദചിന്തയില്ലാതെ എല്ലാവരും ഒഴുകിയെത്തുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിന് വലിയ ക്രെഡിറ്റാണ്. ഒരു തരത്തിലുള്ള നിഷേധ പ്രചാരണങ്ങളേയും കേരളീയ ജനത സ്വീകരിക്കില്ല എന്നാണിത് കാണിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

മധ്യ വരുമാനമുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തിലെ ജീവിത നിലവാരമുയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് നവകേരള സദസ്സ്. ഇതാണ് ജനലക്ഷങ്ങളുടെ പിന്തുണയ്ക്ക് കാരണം.
മാലിന്യ മുക്ത കേരളത്തിനായുള്ള നടപടികള്‍, പരമ്പരാഗത തൊഴില്‍ മേഖലയുടെ സംരക്ഷണം, കാര്‍ഷികോല്‍പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റിയുള്ള വിപണനം, പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തല്‍ തുടങ്ങിയവ ഇത്തരം നടപടികളുടെ ഭാഗമാണ്. പരമ്പരാഗത കോഴ്‌സുകള്‍ കൊണ്ട് യുവതലമുറയുടെ ആഗ്രഹാഭിലാഷങ്ങള്‍ നിറവേറ്റാനാവില്ലെന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ കോഴ്‌സുകള്‍ക്കുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇത് കേരളത്തിന്റെ മുഖഛായ മാറ്റും. നൈപുണ്യവികസന കോഴ്‌സുകളും പരിശീലന കേന്ദ്രങ്ങളും വിപുലപ്പെടുത്തും. യുവതയുടെ, നാടിന്റെ ആവശ്യമാണിത് അതിനാണ് സര്‍ക്കാരിന്റെ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കെ വി സുമേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജെ ചിഞ്ചുറാണി, കെ എന്‍ ബാലഗോപാല്‍, അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ സംസാരിച്ചു. മറ്റ് മന്ത്രിമാര്‍, എം വി ഗോവിന്ദന്‍ എംഎല്‍എ, മുന്‍ മന്ത്രി ഇ പി ജയരാജന്‍, മുന്‍ എംപിമാരായ പി കെ ശ്രീമതി, കെ കെ രാഗേഷ്, മുന്‍ എം എല്‍ എ മാരായ എം വി ജയരാജന്‍, പ്രകാശന്‍ മാസ്റ്റര്‍, ടി വി രാജേഷ്, ചിറയ്ക്കല്‍ വലിയ രാജ രാമവര്‍മ്മ രാജ, പത്മശ്രീ എസ് ആര്‍ ഡി പ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ അരുണ്‍ കെ  വിജയന്‍, സംഘാടക സമിതി കണ്‍വീനര്‍ ടി ജെ അരുണ്‍, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ എന്നിവര്‍ പങ്കെടുത്തു.

Tags