പിഴയുടെ പകുതി മാത്രം അടച്ചാൽ മതിയാകും: ഏപ്രിൽ 30 വരെ അവസരം
കൊച്ചി: റോഡിലെ പഴയ ട്രാഫിക് നിയമലംഘനങ്ങൾക്ക് കിട്ടിയ 'പണി' പകുതി കാശ് കൊടുത്ത് തീർപ്പാക്കാൻ അവസരം. മോട്ടോർ വാഹന വകുപ്പിന്റെ 'അമ്‌നസ്റ്റി സ്‌കീം 2026' വഴി പിഴത്തുകയുടെ പകുതി മാത്രം അടച്ച് നിയമനടപടികളിൽ നിന്ന് ഒഴിവാകാം.ഹെൽമെറ്റില്ലാതെ വണ്ടിയോടിച്ച് 500 രൂപ ചെല്ലാൻ ലഭിച്ചവർക്ക് ഈ ഓഫറിലൂടെ വെറും 250 രൂപ അടച്ച് തലയൂരാം. മറ്റ് പ്രധാന നിയമലംഘനങ്ങൾക്കും പിഴത്തുകയുടെ പകുതി അടച്ചാൽ മതിയാകും. പിഴത്തുക വലിയ ബാധ്യതയായതോടെ പണമടയ്ക്കാതെ മാറ്റിവെച്ചവർക്കും സാങ്കേതിക കാരണങ്ങളാൽ കുടുങ്ങിക്കിടക്കുന്നവർക്കും ആശ്വാസമായാണ് സർക്കാർ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ മാസം 30-ന് ഓഫർ കാലാവധി അവസാനിക്കും. എറണാകുളം ജില്ലയിൽ ഏപ്രിൽ 27 മുതൽ 30 വരെ കളക്ടറേറ്റ് സമുച്ചയത്തിൽ താഴത്തെ നിലയിലുള്ള എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ഓഫീസിലാണ് അദാലത്ത് സൗകര്യം ഒരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതൽ വൈകീട്ട് അഞ്ച് വരെ പൊതുജനങ്ങൾക്ക് നേരിട്ടെത്തി പരാതികൾ പരിഹരിക്കുകയും പിഴ അടയ്ക്കുകയും ചെയ്യാം.
ഓൺലൈൻ വഴിയും https://services.mvd.kerala.gov.in ഈ ആനുകൂല്യം ലഭ്യമാണ്. പിഴത്തുകയിലെ അവ്യക്തതകൾ നീക്കാനും തടസ്സങ്ങൾ ഒഴിവാക്കാനും നേരിട്ടുള്ള അദാലത്ത് പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ 30 കഴിഞ്ഞാൽ പിഴത്തുക മുഴുവനായി ഒടുക്കേണ്ടി വരും.
ആനുകൂല്യം ആർക്കൊക്കെ?
2024 ഡിസംബർ 31 വരെ പോലീസോ മോട്ടോർ വാഹന വകുപ്പോ ചുമത്തിയ പിഴകൾക്കാണ് ഇളവ്.
വിർച്വൽ കോടതിയിലേക്ക് കൈമാറിയ ശേഷം സമയപരിധിക്കുള്ളിൽ അടയ്ക്കാൻ കഴിയാത്ത ചെല്ലാനുകൾ 50% ഇളവിൽ തീർപ്പാക്കാം.
എന്നാൽ, കോടതി നേരിട്ട് കൈകാര്യം ചെയ്യുന്ന കേസുകൾക്ക് ഇളവ് ബാധകമല്ല. പോർട്ടലിലെ സാങ്കേതിക തകരാർ കാരണം പിഴ അടയ്ക്കാൻ കഴിയാത്തവർക്ക് അദാലത്ത് വലിയ ആശ്വാസമാകും.
.jpg)

